രാഷ്ട്രീയത്തിലെ തങ്കത്തിളക്കം
Friday, September 12, 2025 2:58 AM IST
കൊച്ചി: നേതൃശൈലിയിലും സംഘാടനമികവിലും പി.പി. തങ്കച്ചൻ എന്ന കോൺഗ്രസ് നേതാവ് അടയാളപ്പെടുത്തിയത് അസാധാരണമായ മികവ്. രാഷ്ട്രീയത്തിലും പൊതുരംഗത്തും പി.പി. തങ്കച്ചന്റേത് അക്ഷരാർഥത്തിൽ തങ്കത്തിളക്കമായിരുന്നെന്ന് അനുയായികളും എതിരാളികളും സമ്മതിക്കും.
28-ാം വയസിൽ പെരുന്പാവൂർ നഗരസഭയുടെ ചെയർമാൻപദവിയിലെത്തി. തുടർന്ന് എംഎൽഎയും മന്ത്രിയും സ്പീക്കറുമായി. രാഷ്ട്രീയത്തിലും പൊതുരംഗത്തും തങ്കച്ചനെ തേടിയെത്തിയ പദവികൾ നിരവധി.
1939 ജൂലൈ 29ന് അങ്കമാലിയിൽ പൈനാടത്ത് ഫാ. പൗലോസിന്റെയും അന്നമ്മയുടെയും മകനായി ജനനം. നായത്തോട് സര്ക്കാര് വിദ്യാലയത്തിലായിരുന്നു പ്രാഥമിക പഠനം. തേവര കോളജിൽനിന്ന് ഇന്റര്മീഡിയറ്റ് പാസായി. ബിരുദാനന്തര ബിരുദവും പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടി.
1968ൽ പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാൻ എന്ന ബഹുമതിയിലേക്ക് അദ്ദേഹം നടന്നുകയറി. 12 വർഷം നഗരസഭാധ്യക്ഷൻ പദവിയിൽ.
1980-82ൽ മുനിസിപ്പൽ പ്രതിപക്ഷനേതാവുമായി. തുടർച്ചയായി നാലു തവണ പെരുമ്പാവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 1982, 1987, 1991, 1996 വർഷങ്ങളിലാണ് എംഎൽഎയായി സേവനം ചെയ്തത്. 1987-91 കാലയളവിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവായി.
നിയമസഭയുടെ 14-ാമത്തെ സ്പീക്കറായി 1991 ജൂലൈ ഒന്നിന് തെരഞ്ഞെടുക്കപ്പെട്ടു. 1995 മേയ് രണ്ടുവരെ പദവിയിൽ തുടർന്നു. നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, പരിസ്ഥിതി, പിന്നാക്കസമുദായ ക്ഷേമം, മേശപ്പുറത്ത് വച്ച കടലാസുകളുടെ പഠനം എന്നീ നാലു പ്രധാന നിയമസഭാ സമിതികൾ രൂപംകൊണ്ടതു പി.പി. തങ്കച്ചൻ സ്പീക്കറായിരുന്ന കാലത്താണ്. എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നതിനാണ് സ്പീക്കർ പദവിയൊഴിഞ്ഞത്. കൃഷിക്ക് വൈദ്യുതി സൗജന്യമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1996 മുതൽ 2001 വരെ പത്താം കേരള നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായിരുന്നു. യുഡിഎഫ് കൺവീനർ (2014-18), കെപിസിസി വൈസ് പ്രസിഡന്റ് (2001-2004), പ്രസിഡന്റ് (2004), എറണാകുളം ഡിസിസി പ്രസിഡന്റ്, കേരള മാർക്കറ്റ് ഫെഡ് ചെയർമാൻ, റബർ ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.