അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണം ; പോലീസ് മർദനം മൂലമെന്ന് ബന്ധുക്കൾ
Friday, September 12, 2025 2:58 AM IST
പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണം പോലീസ് മർദനത്തെത്തുടർന്നെന്ന് ബന്ധുക്കൾ. ജോയലിനൊപ്പം പോലീസിന്റെ മർദനമേറ്റ പിതൃസഹോദരി കുഞ്ഞമ്മയ്ക്ക് ശാരീരിക അവശതകൾ വിട്ടുമാറിയിട്ടില്ലെന്നും സിപിഎം സഹായം തങ്ങൾക്കുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറിയും സിപിഎം സജീവാംഗവുമായിരുന്ന ജോയൽ ഇടയ്ക്ക് പാർട്ടി ചുമതലകളിൽനിന്നു വിട്ടുനിന്നിരുന്നു. 2020 മേയിലാണ് ജോയൽ മരിച്ചത്. 2020 ജനുവരി ഒന്നിന് രണ്ട് വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിന്റെ പേരിൽ ജോയലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണ്.
പെറ്റിക്കേസ് മാത്രമാണെന്നാണ് ആദ്യം ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ സിഐ എത്തിയശേഷം വിടാമെന്നു പറഞ്ഞ് വൈകുന്നേരം നാല് മുതൽ രാത്രി ഏഴുവരെ പോലീസ് സ്റ്റേഷനിൽ നിർത്തി. രാത്രി ഏഴോടെ സ്ഥലത്തെത്തിയ സിഐ യു. ബിജു വന്നപാടെ ജോയലിനെ മർദിക്കുകയായിരുന്നുവെന്ന് പിതാവ് ജോയി പറഞ്ഞു.
ജോയൽ കഴുത്തിൽ കിടന്ന അരിവാൾ ചുറ്റിക നക്ഷത്രം അടയാളമുള്ള മാല ഉയർത്തിക്കാട്ടി, താൻ പാർട്ടിക്കാരനാണെന്നും തല്ലരുതെന്നും പറഞ്ഞതോടെ പോലീസുകാരുടെ ഭാഗത്തുനിന്ന് അതിക്രൂരമായ മർദനം രൂക്ഷമായെന്ന് കുഞ്ഞമ്മ പറഞ്ഞു.
ആറ് പോലീസുകാർ ചേർന്നാണ് ജോയലിനെ അതിക്രൂരമായി തല്ലിച്ചതച്ചത്. പത്തനംതിട്ട സ്റ്റേഷനിൽ മാധ്യമപ്രവർത്തകനെ മർദിച്ചതടക്കം ലോക്കപ്പ് മർദനങ്ങളുടെ പേരിൽ നിരവധി പരാതികൾക്ക് ഇടയുണ്ടാക്കിയ ആളാണ് സിഐ യു. ബിജു. മകനെ മർദിക്കുന്നത് കണ്ട് ഓടിയെത്തിയ പിതാവ് ജോയിയെ കഴുത്തിനു പിടിച്ച് സ്റ്റേഷനു വെളിയിൽ തള്ളുകയും പിതൃ സഹോദരി കുഞ്ഞമ്മയുടെ നാഭിയിൽ ബൂട്ടിട്ട് ചവിടുകയും ചെയ്തു.
ചവിട്ടേറ്റ് കുഞ്ഞമ്മ തളർന്നു വീണതോടെ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജോയലിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ കുഞ്ഞമ്മ ആശുപത്രിയിൽ ഇരിക്കുന്നത് കണ്ടതോടെ സിഐ പോലീസിനെതിരേ കേസില്ല എന്ന് എഴുതി വാങ്ങിയ ശേഷം ജോയലിനെ വിട്ടയച്ചു. മർദനത്തെ തുടർന്ന് മൂത്രത്തിൽ രക്തവും പഴുപ്പും ഉണ്ടായി. ചികിത്സയിലായിരുന്ന അഞ്ചു മാസത്തിനുശേഷം മരണപ്പെട്ടു.
ജോയലിന്റെ മരണം പോലീസ് മർദനം കാരണമാണെന്നും സ്റ്റേഷനിലെ സിസിടിവി യിൽ മർദനത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് ജോയി മുഖ്യമന്ത്രിക്കും ഡിജിപിക്കു മടക്കം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിശ്വസിച്ച പാർട്ടി കൈവിട്ടെങ്കിലും മകന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമ പോരാട്ടം തുടരുമെന്ന് ജോയി പറഞ്ഞു.