നികുതി വരുമാനം കുറയുമെന്ന പ്രചാരണം തള്ളി രാജീവ് ചന്ദ്രശേഖര്‍
Friday, September 12, 2025 3:48 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി നിരക്ക് കുറച്ചതുമൂലം കേരളത്തിന്റെ നികുതി വരുമാനം കുറയുമെന്ന പ്രചാരണം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നികുതി നഷ്ടം ഉണ്ടാകില്ലെന്നും ഉത്പന്നങ്ങളുടെ വില കുറയുമ്പോള്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയരുമെന്നും കേരളത്തിന്റെ നികുതി ലഭ്യത വര്‍ധിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജിഎസ്ടി പരിഷ്കരണത്തിന്റെ ഗുണഫലങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കുന്നതിന്റെ കാരണം കേരളത്തിലെ അനിയന്ത്രിതമായ വിലക്കയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
പത്തുവര്‍ഷംകൊണ്ട് സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തമാക്കിയശേഷം, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്‍കം ടാക്സ് നികുതി പരിധി 12 ലക്ഷം ആക്കി ഉയര്‍ത്തിയത്. മരുന്നിന്റെയും ഭക്ഷണത്തിന്റെയും നികുതി പൂര്‍ണമായും ഒഴിവാക്കി. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയാക്കി കുറച്ചു. മുഖ്യമന്ത്രിക്കും രാഹുല്‍ ഗാന്ധിക്കും ധൈര്യമുണ്ടെങ്കില്‍ ഈ ഇളവുകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയാറാകണം.
കേരളത്തിന്റെ വികസനം മുരടിപ്പിച്ച രാഷ്ട്രീയ സംസ്കാരമാണ് ഇടത്, വലത് മുന്നണി ഭരണത്തില്‍ സംഭവിച്ചത്. ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളമാണ് യഥാര്‍ഥ കേരള മോഡല്‍. കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ മാത്രമേ വികസിത കേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാകൂ.
അയ്യപ്പ സംഗമം ഉള്‍പ്പെടെ പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമം. വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കേരള വികസനത്തെപ്പറ്റി മാത്രം ചര്‍ച്ച ചെയ്യുന്നതാകണം. അതേപ്പറ്റി സംസാരിക്കാന്‍ ഇടത് വലത് മുന്നണികള്‍ക്ക് ധൈര്യമുണ്ടാകണം.
പോലീസ് സ്റ്റേഷനുകള്‍ ഇടിമുറികളായി മാറുകയാണ്. പോലീസ് ക്രൂരതയില്‍ പ്രതിഷേധിച്ച് 15നു എല്ലാ എസ്പി-ഡിവൈഎസ്പി ഓഫീസുകളിലേക്കും ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തും.
പോലീസിലെ ക്രിമിനലുകള്‍ ഗുരുതര പ്രശ്നമാണ്. കിഞ്ഞ 10 വര്‍ഷത്തിൽ 744 പോലീസുകാരെയാണ് ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതി ചേര്‍ത്തത്. അതില്‍ 18 പോലീസുകാര്‍ക്കെതിരേ മാത്രമാണ് നടപടി എടുത്തത്. ശേഷിക്കുന്നവര്‍ ഇപ്പോഴും പോലീസിന്റെ ഭാഗമാണ്. ഇത് ഗൗരവമായി കാണേണ്ടതാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് ബിജെപിയുടെ തീരുമാനമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, ലിജിന്‍ ലാല്‍ എന്നിവരും പങ്കെടുത്തു.