ഇടത് കപടഭക്തി ജനം തിരിച്ചറിയും: സതീശന്
Friday, September 12, 2025 2:58 AM IST
കോഴിക്കോട്: ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റേത് പരിഹാസ്യമായ ചരിത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
പോലീസിനെ കൊണ്ടുവന്ന് ശബരിമലയില്‍ ആചാരലംഘനം നടത്തിയ സര്‍ക്കാരിന്റെ കപട അയ്യപ്പഭക്തി പൊതുസമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പസംഗമം, തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് ഉപയോഗിച്ചുള്ള വികസന സദസ് എന്നീ വിഷയങ്ങളില്‍ സംഘടിപ്പിച്ച ജില്ലാതല യുഡിഎഫ് നയവിശദീകരണ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലക്ഷകണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയെ വിവാദ കേന്ദ്രമാക്കിയത് ഇടതുസര്‍ക്കാരാണെന്ന് സതീശൻ പറഞ്ഞു. ആചാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസുണ്ടായപ്പോള്‍ അന്നത്തെ യുഡിഎഫ് മന്ത്രിസഭ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആചാരങ്ങള്‍ തുടരണമെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്.
യുഡിഎഫ് എപ്പോഴും അയ്യപ്പഭക്തരുടെ കൂടെയാണു നിലകൊണ്ടത്. എന്നാൽ, പിന്നീടു വന്ന ഇടതുമുന്നണി സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റി ആചാരലംഘനത്തിനു കൂട്ടുനില്‍ക്കുന്ന നിലപാട് സ്വീകരിച്ചു. പോലീസിനെ കൊണ്ടുവന്ന് ആചാരലംഘനം നടത്തി. ഇതിനെതിരേ പ്രതിഷേധിച്ച നേതാക്കള്‍ക്കെതിരേ കേസെടുത്തു.
സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്താന്‍ തയാറുണ്ടോ എന്നു വ്യക്തമാക്കണം. അയ്യപ്പഭക്തര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിനു കേസുകള്‍ പിന്‍വലിക്കാന്‍ തയാറുണ്ടോ എന്നും സര്‍ക്കാര്‍ മറുപടി പറയണം.
ഒമ്പതു വര്‍ഷമായി അധികാരത്തില്‍ ഇരുന്നിട്ടു കൊണ്ടുവരാത്ത മാസ്റ്റര്‍പ്ലാന്‍ ഇപ്പോള്‍ കൊണ്ടുവരുന്നത് എന്തിനാണെന്നു വ്യക്തമാക്കണം. ശബരിമലയില്‍ വികസനത്തിന് ഈ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സതീശന് പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവരുന്ന വികസനസദസുകള് യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫ് കുറ്റപത്രം സമര്‍പ്പിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, എം.കെ. രാഘവന് എംപി, ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മയില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു.