അമൃത് ഭാരത് പ്രതിവാര എക്സ്പ്രസും തമിഴ്നാടിന്
Friday, September 12, 2025 3:48 AM IST
പരവൂർ (കൊല്ലം): കേരളത്തിനെ വീണ്ടും നിരാശപ്പെടുത്തി ദക്ഷിണ റെയിൽവേയിലെ ആദ്യ അമൃത് ഭാരത് പ്രതിവാര എക്സ്പ്രസും തമിഴ്നാടിന് അനുവദിച്ച് റെയിൽ മന്ത്രാലയം. ബിഹാറിലെ ജോഗ്ബാനിയിലേക്കാണ് ആദ്യ സർവീസ് തുടങ്ങുന്നത്.
15 ന് സർവീസ് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതു കൂടാതെ മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി തമിഴ്നാടിനുവേണ്ടി റെയിൽവേ ബോർഡ് പരിഗണിക്കുന്നതായാണ് വിവരം.
തിരുനെൽവേലി - ഷാലിമാർ, താംബരം - സാന്ത്രഗച്ചി, കോയമ്പത്തൂർ - ഗയ എന്നീ റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ പരിഗണനയിലുള്ളത്. ഈറോഡ് - ജോഗ്ബാനി അമൃത് ഭാരത് എക്സ്പ്രസ് വ്യാഴം രാവിലെ ഏഴിന് ഈറോഡിൽ നിന്ന് പുറപ്പെട്ട് ശനി രാത്രി ഒമ്പതിന് ജോഗ്ബാനിയിൽ എത്തും.
ദക്ഷിണ റെയിൽവേയ്ക്ക് ഫെബ്രുവരിയിൽതന്നെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചതാണ്. എന്നാൽ റൂട്ട് നിശ്ചയിക്കുന്നതിലെ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും കാരണമാണ് സർവീസ് ആരംഭിക്കാൻ എട്ടു മാസത്തോളം വൈകിയത്.
കേരളത്തിലേക്ക് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആരംഭിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ പരിഗണയിൽ ഇല്ലെന്നാണ് വിവരം.