ആഭ്യന്തരവകുപ്പിനെ തഴുകൽ: ബിനോയ് വിശ്വത്തിനു വിമർശനം
Friday, September 12, 2025 3:48 AM IST
ആലപ്പുഴ: ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകുന്നതെന്തിന്? ബിനോയ് വിശ്വത്തിനെതിരേ ആഞ്ഞടിച്ച് സിപിഐ സമ്മേളന പ്രതിനിധികള്. പൂരംകലക്കൽ മുതൽ കസ്റ്റഡി മർദനങ്ങൾ വരെ പോലീസിനെ വെള്ളപൂശുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ സിപിഐ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമര്ശനം. വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനും ഇരുന്ന കസേരയാണെന്ന് ഓർക്കണമെന്നും വിമർശനമുയർന്നു.
മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്നും കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുക്കാനും കേരള പോലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്നും സമ്മേളനത്തിൽ സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ലോക്കപ്പ് മർദനങ്ങളും പെരുമാറ്റദൂഷ്യവും മൂലം കേരള പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുന്നതിനിടെയാണ് ഈ നിലപാട്.
സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കു പുറമേ വ്യവസായം, ആരോഗ്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി, തുറമുഖം, തൊഴിൽ തുടങ്ങി ഒട്ടുമിക്ക വകുപ്പുകളെയും റിപ്പോർട്ട് നന്നായി പുകഴ്ത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനനില കേരളത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. നേരത്തേ, സംസ്ഥാന കൗൺസിലിൽ കരട് റിപ്പോർട്ട് ചർച്ചയ്ക്കു വന്നപ്പോൾ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ, ഇക്കാര്യം റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ട, പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞോട്ടെ എന്ന നിലപാടിലായിരുന്നു ബിനോയ് വിശ്വം.
കേരളത്തിലുയരുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വലിയ വിജയം നേടാനും ആവശ്യമായ കർമപരിപാടികൾ ആവിഷ്കരിച്ച് മുന്നോട്ടു പോകണമെന്ന് ധനവകുപ്പിനെ ഉപദേശിക്കുന്നുമുണ്ട്.
വോളന്റിയർ പരേഡും സമ്മേളനവും
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വോളന്റിയർ പരേഡ് ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ മുപ്പാലത്തിൽനിന്ന് ആരംഭിക്കും. ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ബിനോയ് വിശ്വം അധ്യക്ഷനായിരിക്കും. ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ പി. പ്രസാദ് സ്വാഗതം ആശംസിക്കും. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ.കെ. നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശീയ എക്സി. അംഗങ്ങളായ കെ. പ്രകാശ് ബാബു, കെ.പി. രാജേന്ദ്രൻ, പി. സന്തോഷ് കുമാർ എംപി എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി എസ്. സോളമൻ നന്ദി പറയും.
""കേന്ദ്രത്തിന്റെ സാന്പത്തിക ഉപരോധത്തെ കൂട്ടായി പ്രതിരോധിക്കണം''
ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ വിപുലമായ ഐക്യനിര ഉയരണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം. പ്രകൃതിക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ധനസഹായത്തിൽ പോലും വിവേചനമാണ്. ഇതിനുദാഹരണമാണ് മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ.
കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന രാജ്യങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു വിദേശസഹായം ലഭിക്കാൻ നിയമഭേദഗതി വരുത്തി. കേന്ദ്രത്തിന്റെ സാന്പത്തിക ഉപരോധം തുടരുന്പോഴും കേരളം മുന്നേറുന്നത് അഭിമാനകരമാണ്. കുറെ വർഷങ്ങളായി കേരളത്തിലെ ജനങ്ങളിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഊർജിതമാണ്.
ഈ സാഹചര്യത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതക്കെതിരെ പോരാട്ടം തുടരണം. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പുതിയ നിയമ നിർമാണം ഉണ്ടാകണം. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിന്മേൽ വിവിധ ജില്ലകളിൽനിന്ന് 17 പേർ ചർച്ചയിൽ പങ്കെടുത്തു.
ചർച്ചയ്ക്ക് ദേശീയ എക്സി അംഗം കെ. പ്രകാശ് ബാബു മറുപടി പറഞ്ഞു. ഇന്നു രാവിലെ ഒൻപതിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയും.