റോഡില്‍ പന്തല്‍ കെട്ടി പ്രതിഷേധം: സിപിഎം നേതാക്കള്‍ നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി
Friday, September 12, 2025 3:48 AM IST
കൊച്ചി: പോസ്റ്റ് ഓഫീസ് ഉപരോധത്തോടനുബന്ധിച്ച് റോഡില്‍ പന്തല്‍ കെട്ടി പ്രതിഷേധയോഗം നടത്തിയ സംഭവത്തില്‍ സിപിഎം നേതാക്കള്‍ നേരിട്ടു ഹാജരാകണമെന്ന് ഹൈക്കോടതി.
മുന്‍ മന്ത്രി ഇ.പി. ജയരാജന്, എം.വി. ജയരാജന്, പി. ജയരാജന്, കെ.വി. സുമേഷ് എംഎല്‍എ എന്നിവർ ഒക്ടോബര്‍ ആറിന് ഉച്ചകഴിഞ്ഞു രണ്ടിന് നേരിട്ടു ഹാജരാകണമെന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിരിക്കുന്നത്.
കേസിലെ എതിര്‍കക്ഷികളായ മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, മുന്‍ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവരെ നേരില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കിയെങ്കിലും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, ടൗണ്‍ സ്റ്റേഷന് എസ്എച്ച്ഒ എന്നിവര്‍ നേരിട്ടു ഹാജരാകണം.
കണ്ണൂര്‍ ഹൈവേയിലെ കാര്‍ഗില്‍ യോഗശാല ലൈനില്‍ പന്തല്‍ കെട്ടി നടത്തിയ ഉപരോധത്തില്‍ നിയമലംഘനമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജഡ്ജിമാരെ പ്രകോപിപ്പിക്കാനാണെന്ന് എം.വി. ജയരാജന് പ്രസംഗിച്ചിരുന്നു. പോലീസ് നോട്ടീസ് താന്‍ മടക്കി പോക്കറ്റിലിട്ടിരിക്കുകയാണെന്നും ജയിലില്‍ പോകാന്‍ മടിയില്ലെന്നും ജയരാജന് പറഞ്ഞിരുന്നു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പരിശോധിച്ചാണു കോടതി നിര്‍ദേശം നൽകിയത്.