തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ബൂത്തുകൾ കൂടും, ചെലവും
Friday, September 12, 2025 3:48 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടർമാർ കൂടിയതിനാൽ പോളിംഗ് ബൂത്തുകൾ കൂടും. അനുബന്ധ ചെലവുകൾകൂടിയാകുന്പോൾ കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പുചെലവിൽ അന്പതുകോടിയോളം രൂപയുടെ വർധനവുണ്ടാകും.
സംസ്ഥാനത്തു 2,83,12,458 വോട്ടർമാരാണുള്ളത്. നിലവിലുള്ള 30,756 പോളിംഗ് ബൂത്തുകളിൽ 25,309 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 5450 എണ്ണം നഗരസഭകളിലുമായിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനെക്കാൾ 6,34,207 വോട്ടർമാർ ഇത്തവണ കൂടി. അതുകൊണ്ട് മുൻവർഷത്തെക്കാൾ ആറായിരത്തിലേറെ ബൂത്തുകൾ ഇത്തവണ കൂടുതലായി സജ്ജീകരിക്കേണ്ടിവരും.
ഓരോ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മറ്റുമായി ആറുമുതൽ എട്ടുവരെ ബൂത്തുകൾ പുതിയതായി ഒരുക്കേണ്ടിവരുമെന്നാണു വിലയിരുത്തൽ. ഒരു ബൂത്തിനു തെരഞ്ഞെടുപ്പു കമ്മീഷനു മുക്കാൽലക്ഷത്തിനു മുകളിലാണു ചെലവുപ്രതീക്ഷിക്കുന്നത്.
2020ലെ തദ്ദേശതെരഞ്ഞെടുപ്പു പോളിംഗ് ബൂത്ത് മാനദണ്ഡം ഇത്തവണയും നടപ്പാക്കാനാണു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം.
ഗ്രാമപഞ്ചായത്തുകളിൽ 1,300 വോട്ടർമാർക്കും നഗരസഭ - കോർപറേഷനുകളിൽ 1,600 വോട്ടർമാർക്കും ഒരു ബൂത്ത് എന്ന തോതിലാണ് ആദ്യം ക്രമീകരിച്ചിരുന്നത്. ചെലവു കുറയ്ക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇതെങ്കിലും വിവിധ രാഷ്ട്രീയപാർട്ടികൾ പരാതിയുമായി എത്തിയതോടെ മാറ്റംവരുത്തുകയായിരുന്നു. 1,100 വരെ വോട്ടർമാർക്ക് ഒരു ബൂത്ത് വേണമെന്നാണു രാഷ്ട്രീയപാർട്ടികൾ അവശ്യപ്പെട്ടിരുന്നത്.
നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ 1,200 വോട്ടർമാർക്കും നഗരസഭ - കോർപറേഷനുകളിൽ 1500 വോട്ടർമാർക്കും ഒരു ബൂത്ത് എന്ന നിലയിൽ പോളിംഗ്ബൂത്തുകൾ സജ്ജീകരിക്കാനാണു ഒടുവിൽ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചിട്ടുള്ളത്.
പുതിയ ക്രമീകരണത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ആറു മുതൽ എട്ടുവരെ പോളിംഗ് ബൂത്തുകൾ അധികം തയാറാക്കേണ്ടിവരും. പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം, കെട്ടിടം, വിസ്തീർണം, പ്രാഥമികസൗകര്യങ്ങൾ, മറ്റു നടപടിക്രമങ്ങൾ തുടങ്ങിയവ സംബന്ധച്ച 13 മാനദണ്ഡങ്ങളടങ്ങിയ പട്ടികയും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർക്കും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവ് തെരഞ്ഞെടുപ്പു കമ്മീഷൻ അയച്ചു.