ഹൃദയാഘാതം; ഡോ. എം.കെ. മുനീര്‍ എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍
Friday, September 12, 2025 2:58 AM IST
കോഴിക്കോട്: ദഹനനാളവുമായി ബന്ധപ്പെട്ട ശാരീരികാസ്വാസ്ഥ്യത്തെത്തടര്ന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎല്‍എയുമായ ഡോ. എം.കെ. മുനീര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തിന്റെ രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കുറഞ്ഞതിനു പിന്നാലെ ഹൃദയാഘാതവുമുണ്ടാകുകയായിരുന്നു.
വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെയായിരുന്നു മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മുസ്ലിം ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എം.കെ. രാഘവന് എംപി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
ഡോ.എം.കെ. മുനീര്‍ എംഎല്‍എയുടെ രോഗശമനത്തിനായി പ്രാര്‍ഥന നടത്താന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.