ഓട്ടിസത്തെ നീന്തി തോല്പിച്ച ഡാനിയേല്‍ ലോകറിക്കാര്‍ഡിലേക്ക്
Friday, September 12, 2025 2:58 AM IST
പീറ്റർ ഏഴിമല
പയ്യന്നൂര്‍: വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പുകളെ നാലുവയസുകാരന്റെ കുഞ്ഞിളം കൈകള്‍ വകഞ്ഞുമാറ്റി കുതിക്കാനൊരുങ്ങുന്നത് ലോക റിക്കാർഡിലേക്ക്. ഓട്ടിസത്തെ തോല്പിക്കാനായി തുടങ്ങിയ ജലചികിത്സയിലൂടെ നീന്തല്‍താരമായി മാറിയ ഈ കൊച്ചുകുട്ടിയുടെ പ്രകടനത്തില്‍ ഏറെ സന്തോഷിക്കുന്നത് മുത്തശിയും.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള അലൈക്യം പാലത്തിനടുത്തായി താമസിക്കുന്ന മേച്ചിറാകത്ത് ഷാന്റി എം. ബാബുവിന്റെ സംരക്ഷണയില്‍ കഴിയുന്ന ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കൊച്ചുമകന് ഡാനിയേലിന്റെ വിജയഗാഥയ്ക്കൊപ്പം മുത്തശി ഷാന്റിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥകൂടിയുണ്ട്.
മംഗളൂരുവിൽ താമസിക്കുന്ന പ്രഫുല്‍ ജോസിന്റെയും അയര്‍ലൻഡിൽ നഴ്സായ ഐശ്വര്യയുടെയും മകനായ ഡാനിയേലിന് ഓട്ടിസം മൂലമുള്ള ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനം ജന്മനാ പ്രകടമായിരുന്നു. മാതാപിതാക്കളുടെ ജോലിയും ജോലിസ്ഥലങ്ങളുടെ പ്രത്യേകതയും കുട്ടിക്കാവശ്യമായ പരിചരണത്തിനു തടസമായതോടെയാണ് കുട്ടിയുടെ സംരക്ഷണം ഐശ്വര്യയുടെ അമ്മയായ ഷാന്റി ഏറ്റെടുത്തത്.
ഓട്ടിസം മാറ്റാൻ വെള്ളത്തിലിറങ്ങി
കുട്ടിയിലെ പോരായ്മയെ തരണം ചെയ്യുന്നതിനുള്ള ചികിത്സകളും സംസാരവൈകല്യം മാറുന്നതിനുള്ള സ്പീച്ചിംഗ് തെറാപ്പിയുമൊക്കെ ചെയ്തിരുന്നു. ഒരു മണിക്കൂര്‍ മാത്രമായിരുന്നു പല ദിവസങ്ങളിലും ഇവന് ഉറങ്ങിയിരുന്നതെന്നു ഷാന്റി പറഞ്ഞു. അതിനിടയിലാണ് ഇതിനൊക്കെ പരിഹാരമായുള്ള ജലചികിത്സ (വാട്ടര്‍ തെറാപ്പി)യെപ്പറ്റി അറിഞ്ഞത്.
ഇതിനുള്ള സൗകര്യം കോട്ടയത്തുണ്ടെന്നറിഞ്ഞ ഷാന്റി കൊച്ചുമകനുമൊത്ത് കോട്ടയത്തെത്തി. മൂന്നാം വയസില്‍ മൂന്നു മാസത്തെ കോഴ്സിന് ഡാനിയേലിനെ ചേര്‍ത്തു. പരിശീലനം തുടങ്ങി മൂന്നാം ദിവസം ഉപകരണങ്ങളില്ലാതെ നീന്താന്‍ തുടങ്ങിയ ഡാനിയേല്‍ പരിശീലകരെയും മുത്തശിയെയും ഞെട്ടിച്ചു.
ജലചികിത്സയ്ക്കൊപ്പം കുട്ടി എഴുതാനും തുടങ്ങിയതോടെ മോണ്ടിസോറി സ്കൂളില്‍ ചേര്‍ത്തു. എല്ലാ വൈകല്യങ്ങളെയും അതിജീവിക്കുന്നതായിരുന്നു വെള്ളത്തിലെത്തിയാല്‍ ഡോള്‍ഫിനായി മാറുന്ന ഡാനിയേലിന്റെ പ്രകടനം.
ജീവന് രക്ഷാ സ്വിമ്മിംഗ് അക്കാദമി (ജെആര്‍എസ്) കോട്ടയം മീനച്ചിലാറ്റില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ബെസ്റ്റ് സ്വിമ്മര്‍ അവാര്‍ഡ് നേടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ്17ന് കൊല്ലം അഷ്ടമുടിക്കായലില്‍ രണ്ടുകിലോമീറ്റര്‍ നീന്തി ലോക റിക്കാര്‍ഡ് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടൊപ്പം സൂപ്പര്‍ സ്വിമ്മര്‍ അവാര്‍ഡും കരസ്ഥമാക്കി.
ഇതേത്തുടര്‍ന്ന് നാളെയാണ് വൈക്കം ബോട്ട് ജെട്ടിക്കു സമീപം വേമ്പനാട്ട് കായലില്‍ ലോക റിക്കാര്‍ഡിലേക്ക് നീന്തിക്കയറുന്നതിനുള്ള പ്രകടനം നടക്കുന്നത്. ഇതിന്റെ ഭാഗമായി അഞ്ചു കിലോമീറ്റര്‍ ദീര്‍ഘദൂര നീന്തലാണു നാളെ ഡാനിയേല്‍ നടത്തുന്നത്.
എട്ടുവയസുവരെയുള്ള കുട്ടികള്‍ ലോക റിക്കാര്‍ഡിനായുള്ള നീന്തലിനുണ്ടെങ്കിലും ഇവരില്‍ ഏറ്റവും പ്രായക്കുറവും ഡാനിയേലിനാണ്. കോട്ടയം ജീവന് രക്ഷാ സ്വിമ്മിംഗ് അക്കാദമി ഗ്രാന്‍ഡ് മാസ്റ്റര്‍ അബ്ദുള്‍ കലാം ആസാദാണ് ഡാനിയേലിന്റെ പരിശീലകന്.
പേരക്കുട്ടിയുടെ മിന്നുന്ന പ്രകടനത്തില്‍ മനം നിറയുന്നതും കുറെ നാളുകളായി ഡാനിയേലിന്റെ പരിശീലനാര്‍ഥം കോട്ടയത്ത് താമസിക്കുന്ന മുത്തശി ഷാന്റിയുടേതാണ്. ഡേവിഡ്, സാറ മറിയം എന്നിവരാണ് ഡാനിയേലിന്റെ സഹോദരങ്ങള്‍.