ജീവന് നിലയ്ക്കുംവരെ പ്രവര്‍ത്തിക്കുമെന്ന് കെ.ഇ. ഇസ്മായില്‍
Saturday, September 13, 2025 2:28 AM IST
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മായില്‍. താന്‍ എല്ലാക്കാലത്തും സിപിഐ പ്രവര്ത്തകന് ആണെന്നും ജീവന് നിലയ്ക്കുംവരെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇസ്മായില്‍ പ്രതികരിച്ചു.
സമ്മേളനത്തിന്റെ സമാപന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും സസ്പെന്ഷന് പിന്‍വലിക്കുമോ എന്നകാര്യം നേതൃത്വമാണ് തീരുമാനിക്കുന്നതെന്നും ഇസ്മായില്‍ പറഞ്ഞു.
അതേസമയം, കെ. ഇ. ഇസ്മായിലിനെതിരേ രൂക്ഷവിമര്‍ശനമാണ് ബിനോയ് വിശ്വം ഉന്നയിച്ചത്. അദ്ദേഹം സസ്പെന്‍ഷനില്‍ ആയതിനാലാണ് സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത്. സിപിഐയുടെ സംഘടനാ തത്വം അറിയുന്ന ഏതൊരാള്‍ക്കും അത് മനസിലാകും.എന്നാല്‍ ഇത് വിവാദമാകുന്നതിന് പിന്നില്‍ മറ്റ് താത്പര്യങ്ങളുണ്ട്. ഇസ്മയില്‍ വേദിയില്‍ ഇരിക്കാന്‍ യോഗ്യനല്ല.
പാര്‍ട്ടിയെ നിരന്തരം കുറ്റപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ ആരോപണം. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍മേലുള്ള പൊതുചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ഇസ്മയിലിനെ ബിനോയ് വിശ്വം വിമര്‍ശിച്ചത്. പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവായി.
നേരത്തേ മുന്‍ എംഎല്‍എ ഇ.എസ്. ബിജിമോള്‍, ഇടുക്കി മുന്‍ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്, തിരുവനന്തപുരത്ത് നിന്നുള്ള മീനാങ്കല്‍ കുമാര്‍, സോളമന് വെട്ടുകാട് എന്നിവരെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ബിനോയ് വിശ്വത്തെ അധിക്ഷേപിച്ച കമലാ സദാനന്ദനെയും കെ.എം. ദിനകരനെയും നിലനിര്‍ത്തുകയും ചെയ്തു.