വാഴയിൽ വിളങ്ങാൻ കുടുംബശ്രീ
Saturday, September 13, 2025 2:27 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: വാഴയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ. വാഴപ്പഴത്തിൽനിന്നുള്ള ഐസ്ക്രീം, ലോ ഫാറ്റ് ചിപ്സ്, സിറപ്പ്, കൊഴുപ്പ് കുറഞ്ഞ യോഗര്‍ട്ട്, ഗ്ലൈസെമിക് ഇന്‍ഡെക്സ് കുറഞ്ഞ പാസ്ത, നൂഡില്‍സ്, ഏത്തയ്ക്ക തൊലി അച്ചാര്‍, വാഴപ്പിണ്ടി അച്ചാര്‍ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങളാണ് കുടുംബശ്രീ അടുത്ത മാസം വിപണിയിലെത്തിക്കുന്നത്.
പുതുമയുള്ള ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ തൃച്ചിയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാനയില്‍ (എന്‍ആര്‍സിബി)നിന്ന് സാങ്കേതികവിദ്യയും കുടുംബശ്രീ സ്വന്തമാക്കി. കയറ്റുമതിക്കടക്കം 25 സാങ്കേതികവിദ്യകളാണ് കുടുംബശ്രീ വാങ്ങിയത്.
വാഴപ്പഴ വിളവെടുപ്പിനുള്ള തയാറെടുപ്പുകള്‍, പാകപ്പെടുത്തല്‍, പാക്കിംഗ്, സ്റ്റോറേജ് എന്നിവയ്ക്കുള്ള സാങ്കേതികവിദ്യകളാണ് കയറ്റുമതിക്കായി സ്വന്തമാക്കിയിട്ടുള്ളത്. പ്രാദേശിക- വിദേശ മാര്‍ക്കറ്റുകളില്‍ വാഴയിലയുടെ വിപണനത്തിനും സാങ്കേതികവിദ്യകള്‍ വാങ്ങിയിട്ടുണ്ട്.
ഓരോ ജില്ലയിലെയും പ്രോജക്ട് മാനേജര്‍മാര്‍ക്കും ബ്ലോക്ക് കോ- ഓഡിനേറ്റര്‍മാര്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള പരിശീലനം എന്ആര്സിബിയില് തുടങ്ങി.
ഇവരാണു പിന്നീട് കുടുംബശ്രീ അംഗങ്ങളെ പരിശീലിപ്പിക്കുന്നത്. പരിശീലനം ലഭിച്ച അംഗങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ഉത്പന്നങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ സാമ്പത്തികസഹായം നല്‍കും.
കുടംബശ്രീയുടെ വാഴയിൽനിന്നുള്ള മൂല്യവർധിത ഉത്പനങ്ങൾക്ക് ആഗോള വിപണി കണ്ടെത്താനും ഗുണഭോക്താക്കൾക്കു പരമാവധി വരുമാനം ഉറപ്പാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ് പറഞ്ഞു.
ഉത്പന്നങ്ങള്‍
വാഴപ്പഴത്തില്‍നിന്ന് വിനാഗിരി, സോസ്, മധുര ചട്നി, അച്ചാര്‍, വൈന്‍, ബനാന ജ്യൂസ്, സിപ് അപ്, വാഴപ്പിണ്ടി സൂപ്പ് മിക്സ്, ബേബി ഫുഡ്, ഫ്രൂട്ട് ബാര്‍, ബനാന കുറുക്ക്, ന്യൂട്രി ബാര്‍, ബ്രഡ്, പിസ, കുക്കീസ്, വാഴപ്പൂവില്നിന്ന് ഹെല്‍ത്ത് മിക്സ്, ഐസ്ക്രീം മിക്സ് എന്നിവയാണു വിപണിയിലെത്തുന്നത്.