മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ
Saturday, September 13, 2025 2:28 AM IST
പാലാ: ആതുര ചികിത്സാരംഗത്ത് ആറു വര്‍ഷം പൂര്‍ത്തീകരിക്കുന്ന പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും നാളെ വൈകുന്നേരം 4.30നു നടക്കും.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വെഞ്ചരിപ്പിനു മുഖ്യകാര്‍മികത്വം വഹിക്കും. മന്ത്രി വി.എന്‍. വാസവന്, മന്ത്രി റോഷി അഗസ്റ്റിന് എന്നിവര്‍ ചേര്‍ന്ന് സെന്റര്‍ നാടിനു സമര്‍പ്പിക്കും.
തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, ആന്റോ ആന്റണി, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
മാര്‍ സ്ലീവാ മെഡിസിറ്റി പാലാ പ്രവര്‍ത്തനം ആരംഭിച്ച് ആറു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനവും നടത്തുന്നത്. 2019 സെപ്റ്റംബര്‍ 14നു പ്രവര്‍ത്തനം തുടങ്ങിയ മാര്‍ സ്ലീവാ മെഡിസിറ്റിക്ക് ചുരുങ്ങിയ കാലത്തിനുള്ളില്‍ മധ്യതിരുവതാംകൂറിലെ പ്രമുഖ ആതുരശുശ്രൂഷാ കേന്ദ്രത്തിന്റെ പട്ടികയിലേക്ക് എത്താന്‍ സാധിച്ചു. 650 കിടക്കകളും 200ല്‍പ്പരം വിദഗ്ധ ഡോക്ടര്‍മാരും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രത്യേകതയാണ്.
സാധാരണക്കാര്‍ക്കും അത്യാധുനിക കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആശുപത്രി സ്ഥാപകന്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീര്‍ഘവീക്ഷണത്തിലാണ് ആശുപത്രിയോടനുബന്ധിച്ചു പുതിയ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പൂര്‍ത്തിയായത്.
2024 മാര്‍ച്ച് 22ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേൽതട്ടിലാണ് കാന്‍സര്‍ കെയര്‍ റിസര്‍ച്ച് സെന്ററിന്റെ അടിസ്ഥാനശിലയുടെ ആശീര്‍വാദം നടത്തിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ ബഹുനില മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
പത്രസമ്മേളനത്തില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ. ജോസഫ് കണിയോടിക്കല്‍, പ്രൊജക്ട്സ്, ഐടി, ലീഗല്‍ ആന്‍ഡ് ലെയ്സണ്‍ ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രമോഷന്‍സ് ഡയറക്ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, ഓങ്കോളജി വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
രാജ്യാന്തര നിലവാരത്തിലുള്ള റിസര്‍ച്ച് സെന്ററും കാന്‍സര്‍ രോഗത്തിനുള്ള സമ്പൂര്‍ണ ചികിത്സാ കേന്ദ്രവും
ഒരുലക്ഷത്തില്‍പ്പരം ചതുരശ്രഅടിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ബഹുനില മന്ദിരത്തിലായി ഒരുങ്ങുന്നത്. അത്യാധുനിക യന്ത്രങ്ങളാണ് സെന്ററില്‍ സ്ഥാപിച്ചിരിക്കുന്നത്. 2026 ജനുവരി ആദ്യം പൂര്‍ണതോതില്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന് ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്, സ്റ്റെം സെല്‍ ആന്‍ഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ്, കാര്‍ - ടി സെല്‍ തെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് ഓങ്കോളജി, ഓങ്കോ ന്യൂട്രീഷന്‍, സൈക്കോ ഓങ്കോളജി, റീ ഹാബിലിറ്റേറ്റീവ് ഓങ്കോളജി എന്നിവയ്ക്കു പുറമേ കാന്‍സര്‍രോഗ ഗവേഷണ പരിപാടികളും 14 മള്‍ട്ടിഡിസിപ്ലിനറി കാന്‍സര്‍ ക്ലിനിക്കുകളും പ്രവര്‍ത്തനം തുടങ്ങും.
റേഡിയേഷന് ചികിത്സയ്ക്കുള്ള വിദേശനിര്‍മിത ലിനാക്, പെറ്റ് സിറ്റി - സ്കാന്‍, ഗാമാ കാമറ അഥവാ സ്പെക്ട് സ്കാന്‍ മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള അഫെറേസീസ് മെഷീന് ആന്‍ഡ് ക്രയോ പ്രിസര്‍വേഷന്‍ യൂണിറ്റ് എന്നിവയും ഉടന്‍ പ്രവര്‍ത്തനസജ്ജമാകും.
ഒക്ടോബര്‍ ആദ്യം പെറ്റ് സി സിറ്റി, സ്പെക്ട് മെഷീനുകള്‍ ഉപയോഗിച്ചുള്ള ചികിത്സകളും കീമോതെറാപ്പി ചികിത്സകളും പുതിയ കെട്ടിടത്തില്‍ ആരംഭിക്കും. നവംബര്‍ ആദ്യവാരം ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനവും, 2026 ജനുവരി ആദ്യം റേഡിയേഷന് ഓങ്കോളജി ചികിത്സകളും പുതിയ കെട്ടിടത്തില്‍ ആരംഭിക്കും.
15 മുതല്‍ 21 വരെ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി ഏഴു വരെ മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റർ സന്ദര്‍ശിക്കുന്നതിനും വിശദീകരണങ്ങള്‍ സഹിതം പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും അവസരം ക്രമീകരിച്ചിട്ടുണ്ട്.