രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ പ്രത്യേക ബ്ലോക്ക്
Saturday, September 13, 2025 2:28 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പീഡന ആരോപണ വിവാദങ്ങൾക്ക് ഒടുവിൽ കോണ്‍ഗ്രസിൽനിന്നു പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾക്കു പുറത്തു പ്രത്യേക ബ്ലോക്ക് അനുവദിക്കും.
തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കറെ രേഖാമൂലം അറിയിച്ചതിനു പിന്നാലെയാണ് നടപടി.
പ്രതിപക്ഷ അംഗങ്ങളുടെ നിരയ്ക്കു പിന്നിലായി നേരത്തെ നിലന്പൂരിൽ നിന്നുള്ള പി.വി. അൻവറിന് അനുവദിച്ച സീറ്റാകും രാഹുലിനു നൽകുക. കോണ്‍ഗ്രസിനുള്ളിലെ തർക്കങ്ങൾക്ക് ഒടുവിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിവരം അറിയിച്ചു കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി നേതാവു കൂടിയായ വി.ഡി. സതീശൻ, സ്പീക്കർക്കു കത്തു നൽകിയത്.
എന്നാൽ, സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്താൻ സാധ്യത കുറവാണെന്നാണു വിലയിരുത്തൽ. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തിയാൽ ഭരണപക്ഷം ഈ ആരോപണം ഉന്നയിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്.
സംസ്ഥാനവ്യാപകമായി അരങ്ങേറുന്ന പോലീസ് അതിക്രമവും നേതാക്കളുടെ മാസപ്പടി ആരോപണങ്ങളും അടക്കം ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വേദിയാകേണ്ട നിയമസഭ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലേക്കു വഴിമാറുമെന്ന ആശങ്ക പ്രതിപക്ഷത്തിനുണ്ട്. രാഹുലിനെ സഭയിൽ എത്തിച്ച് പ്രശ്നങ്ങളുണ്ടാക്കി വിഷയങ്ങൾ വകമാറ്റുന്നതിനാകും ഭരണപക്ഷവും ശ്രമിക്കുക.
രാഹുലിനെ ഭരണപക്ഷം കൈയേറ്റം ചെയ്താൽ യുഡിഎഫ് സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞത് നിയമസഭാംഗത്തിന് സുരക്ഷ ഒരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നായിരുന്നു. ഇതിലൂടെ തന്നെ യുഡിഎഫ് രാഹുലിന് സംരക്ഷണം ഒരുക്കില്ലെന്നു വ്യക്തമാണ്.
ഉപതെരഞ്ഞെടുപ്പിൽ നിലന്പൂരിൽനിന്നു വിജയിച്ച ആര്യാടൻ ഷൗക്കത്ത് നിയമസഭാ സമ്മേളനത്തിന് ആദ്യമായെത്തുന്നതും വരുന്ന സമ്മേളന കാലത്താകും.
സഭയിൽ എത്തിയില്ലെങ്കിലും നടപടിയെടുക്കാനാകില്ല
60 ദിവസം തുടർച്ചയായി സഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ മാത്രമേ എംഎൽഎയ്ക്കെതിരേ നടപടിയെടുക്കാൻ സഭാ ചട്ടം അനുസരിച്ചു കഴിയുകയുള്ളൂ. ഇത്തവണ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ ഒൻപത് വരെ സഭാ സമ്മേളനം ചേരുന്നുണ്ടെങ്കിലും ഇടയ്ക്ക് നീണ്ട അവധി വരുന്നതിനാൽ 12 ദിവസം മാത്രമാണ് നിയമസഭ ചേരുക. അടുത്ത വർഷം ആദ്യം വരുന്ന ഇടക്കാല ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാതിരിന്നാലും നടപടിയെടുക്കാനുള്ള 60 ദിവസമെത്തില്ല. സഭാ സമ്മേളനത്തിന് നാലു ദിവസത്തിൽ കൂടുതൽ അവധി വന്നാലും തുടർച്ചയായ ദിവസമായി കണക്കാക്കാനാകില്ല.