ഗൈനക് സർജൻമാരുടെ ദേശീയ സമ്മേളനത്തിനു തുടക്കം
Saturday, September 13, 2025 2:27 AM IST
തൃശൂർ: രാജ്യത്തെ ഗൈനക് സർജൻമാരുടെ രണ്ടാം ദേശീയസമ്മേളനം സോവ്സിക്കോണ് - 25 തൃശൂരിൽ തുടങ്ങി. ജൂബിലി മിഷൻ മെഡിക്കൽ കോളജിലും പുഴയ്ക്കൽ ലുലു കണ്വൻഷൻ സെന്ററിലുമായാണു സമ്മേളനം.
ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ നേരിടാൻ ഡോക്ടർമാരെ പ്രാപ്തരാക്കാനും നൂതനചികിത്സകൾ പരിചയപ്പെടുത്താനുമായി ഇന്നലെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ശില്പശാല സംഘടിപ്പിച്ചു.
വജൈനൽ സർജറി, കോസ്മെറ്റിക് ഗൈനക്കോളജി എന്നീ വിഷയങ്ങളിൽ നടന്ന ശിൽപ്പശാലയുടെ ഉദ്ഘാടനം ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ നിർവഹിച്ചു. സോവ്സി ദേശീയ പ്രസിഡന്റ് ഡോ. വി.പി. പൈലി അധ്യക്ഷത വഹിച്ചു.
സോവ്സി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.ആർ. റീന, സംസ്ഥാനസെക്രട്ടറി ഡോ. എം. ദീപ്തി, സോവ്സിക്കോണ് ജനറൽ കണ്‍വീനർ ഡോ. എം.വേണുഗോപാൽ, ജൂബിലി മിഷൻ മെഡിക്കൽ കോളജ് അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കളിവളപ്പിൽ, സിഇഒ ഡോ. ബെന്നി ജോസഫ്, പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി 500 ഡോക്ടർമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിൽനിന്നുമായി മുന്നോറോളം പിജി വിദ്യാർഥികളും എത്തിയിട്ടുണ്ട്.
ഇന്നു വൈകിട്ട് ഏഴിന് ലുലു കണ്വെൻഷൻ സെന്ററിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ രാജ്യത്തെ മുതിർന്ന ഗൈനക് സർജൻമാരായ ഡോ. എച്ച്.പി. പട്നായിക്, ഡോ. പി.സി. മഹാപത്ര, ഡോ. രാജേന്ദ്ര സരോഗി എന്നിവരെ ആദരിക്കും.