സൂക്ഷിച്ചോ, അടപടലം കൊണ്ടുപോകും!!; വാട്സാപ് ഹാക്ക് ചെയ്യപ്പെടാം
Saturday, September 13, 2025 2:27 AM IST
കൊച്ചി: സംസ്ഥാനത്ത് വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വര്‍ധിച്ചതോടെ ജാഗ്രതാനിര്‍ദേശവുമായി സൈബര്‍ പോലീസ്. വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കുന്ന തട്ടിപ്പുസംഘങ്ങൾ ആള്‍മാറാട്ടം നടത്തി സാമ്പത്തികതട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണു വാട്സാപ് അക്കൗണ്ടുകളില്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന് ചെയ്യണമെന്ന മുന്നറിയിപ്പുമായി സൈബര്‍ പോലീസ് രംഗത്തെത്തിയത്.
ഹാക്ക് ചെയ്യുന്നത് സാധാരണക്കാരുടെ വാട്സാപ്
തട്ടിപ്പുസംഘം പലപ്പോഴും സാധാരണക്കാരുടെ വാട്സാപ് അക്കൗണ്ട് ഹാക്ക് ചെയ്ത് അവരുടെ ഫോണിലോ ലാപ്ടോപ്പുകളിലോ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കും. ഈ സമയം രജിസ്റ്റര്‍ ചെയ്ത ഫോണ്‍നമ്പറിലേക്ക് ഒടിപി സന്ദേശം ലഭിക്കും. തുടര്‍ന്ന് തട്ടിപ്പുസംഘം തന്നെ ഫോണ്‍ വിളിച്ച് വിശ്വാസം നേടിയെടുത്തോ ഫോണിലെ എസ്എംഎസ് മനസിലാക്കിയോ ഒടിപി കൈക്കലാക്കും. ടു സ്റ്റെപ്പ് വെരിഫിക്കേഷന് സാധ്യമാക്കിയിട്ടില്ലാത്തവരുടെ വാട്സാപ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ കൂടുതലായും ഹാക്ക് ചെയ്യപ്പെടുന്നത്. പലപ്പോഴും അക്കൗണ്ട് ഹാക്ക് ചെയ്തതായി ആദ്യം മനസിലാകില്ല.
തട്ടിപ്പുകാര്‍ ഫോണിന്റെയും വാട്സാപ് അക്കൗണ്ടിന്റെയും നിയന്ത്രണം സ്വന്തമാക്കുന്നതോടെ അക്കൗണ്ട് ലോഗ്ഔട്ട് ആകും. ഈ പ്രശ്നം പരിഹരിക്കാനുള്ള ആദ്യശ്രമമായി ഇര വാട്സാപ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കും.
ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന സാധാരണക്കാര്‍ക്ക് വരുന്ന ഒടിപി സന്ദേശം തട്ടിപ്പുകാര്‍ തെറ്റായി പലവട്ടം നല്‍കുന്നതിലൂടെ വാട്സാപ്പിന്റെ സുരക്ഷാസംവിധാനമായ ഒടിപി ജനറേറ്റ് ചെയ്യുന്നത് രണ്ടു സെക്കന്‍ഡില്‍ തുടങ്ങി 12 മുതല്‍ 24 മണിക്കൂര്‍ വരെ തടസപ്പെടും. ഈ സമയത്ത് തട്ടിപ്പുസംഘം ആള്‍മാറാട്ടം നടത്തി പണം ആവശ്യപ്പെട്ടുള്ള വ്യാജസന്ദേശങ്ങള്‍ ഇരയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് അയയ്ക്കും. പുതിയ തട്ടിപ്പിനുള്ള എപികെ ലിങ്കുകളും മറ്റും ലിസ്റ്റിലുള്ളവര്‍ക്ക് തുടര്‍ച്ചയായി അയയ്ക്കും ചെയ്യും.
ഇതു ശ്രദ്ധിക്കാം
ഹാക്കിംഗ് തടയാനായി വാട്സാപ് സെറ്റിംഗ്സിലുള്ള 2 സ്റ്റെപ്പ് വെരിഫിക്കേഷന് സജ്ജമാക്കുക. ഒടിപി മറ്റാരുമായും പങ്കുവയ്ക്കരുത്. അജ്ഞാത സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. അജ്ഞാത ലിങ്കുകളിലും എപികെ ഫയിലുകളിലും യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാകുകയോ ചെയ്താല്‍ ഉടന്‍തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.