കടകംപള്ളിക്ക് എതിരേയുള്ള പരാതി പോലീസ് കമ്മീഷണർക്ക് കൈമാറി
Saturday, September 13, 2025 2:27 AM IST
തിരുവനന്തപുരം: മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ പ്രാഥമിക പരിശോധന തുടങ്ങി.
ആരോപണം ഉന്നയിച്ച ഇരയായ യുവതിയുടെ മൊഴിയെടുക്കുമോ എന്നു വ്യക്തമല്ല. പോലീസ് മൊഴിയെടുപ്പിൽ ഇര ആരോപണത്തിൽ ഉറച്ചു നിന്നാൽ കേസെടുക്കേണ്ടി വരും.
തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീറാണ് പരാതിക്കാരൻ.
കടകംപള്ളി മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. മന്ത്രിമന്ദിരത്തിൽ ശിപാർശയുമായി എത്തിയ യുവതിയോടു മഴകോട്ട് ഇട്ട് തന്റെ അടുത്തേക്കു വരാൻ പറയുന്ന ഓഡിയോ സന്ദേശവും കൈമാറിയിരുന്നു.
പരാതിക്കാരി നേരിട്ടു പരാതിയോ മൊഴിയോ നൽകിയാൽ മാത്രം കേസെടുത്ത് അന്വേഷണം നടത്തിയാൽ മതിയെന്നായിരുന്നു പോലീസിന്റെ ആദ്യ നിലപാട്.