വിജിൽ തിരോധാനം: നിര്‍ണായക വഴിത്തിരിവ്; അസ്ഥികള്‍ കണ്ടെത്തി
Saturday, September 13, 2025 2:28 AM IST
കോഴിക്കോട്: ആറുവര്ഷംമുന്പ് കാണാതായ എലത്തൂര്‍ സ്വദേശി കെ.ടി. വിജിലിന്റെ കേസില്‍ വന്‍ വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥികള്‍ പോലീസ് കണ്ടെത്തി.
തലയോട്ടി ഒഴികെയുള്ള എല്ലിന്റെ ഭാഗങ്ങളാണു കിട്ടിയത്. 53 അസ്ഥികള്‍ കിട്ടിയതില്‍ ഉള്‍പ്പെടും. വിജിലിനെ കെട്ടിത്താഴ്ത്തിയ കല്ലുകളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിജിലിന്റെ ഒരു ഷൂ ചതുപ്പില്‍നിന്നു കണ്ടെത്തുകയും ഫോറന്‍സിക് വിഭാഗത്തിനു കൈമാറുകയും ചെയ്തിട്ടുണ്ട്.
2019 മാര്‍ച്ച് 24നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാം ഘട്ട അന്വേഷണത്തിലാണു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ പോലീസിനു വൈരുദ്ധ്യം തോന്നി. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു കുറ്റം സമ്മതിക്കുകയായിരുന്നു.
വിജിലിന്റെ മൃതശരീരം സരോവരം ചതുപ്പില്‍ കുഴിച്ചുമൂടിയതായി സുഹൃത്തുക്കള്‍ മൊഴി നല്‍കുകയായിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതിനാല്‍ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും കേസിലെ പ്രതികളും വിജിലിന്റെ സുഹൃത്തുക്കളുമായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തല്‍ കെ.കെ. നിഖില്‍, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയില്‍ ദീപേഷ് എന്നിവര്‍ പോലീസിനോടു പറഞ്ഞു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ചതുപ്പില്‍ പരിശോധന നടത്തിയത്.അറസ്റ്റിലായ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നലെ വൈകുന്നേരം അഞ്ചിന് അവസാനിക്കാനിരിക്കെയാണ് അസ്ഥികള്‍ കണ്ടെത്തിയത്.
ഏഴടിയോളം താഴ്ചയുള്ള ചതുപ്പില്‍നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ച് പന്തീരാങ്കാവ് സ്വദേശി മഠത്തില്‍ അബ്ദുൾ അസീസിനെയും സംഘത്തെയും ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍വാങ്ങിയത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി പ്രതികള്‍ വിജിലിന്റെ അസ്ഥികള്‍ ഒഴുക്കിയെന്ന് മൊഴി നല്കിയ വരയ്ക്കല്‍ ബീച്ചില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പുനടത്തി.
ടൗണ്‍ സബ്ബ് ഡിവിഷന് അസി.കമ്മീഷണര്‍ ടി.കെ. അഷ്റഫിന്റെയും എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
തഹസില്‍ദാര്‍, ഫോറന്‍സിക് വിദഗ്ധര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ടെത്താന്‍ മായ, മര്‍ഫി എന്നീ പോലീസ് നായ്ക്കളെയും പരിശോധനയ്ക്കായി സ്ഥലത്തെത്തിച്ചിരുന്നു.