ചെത്തിപ്പുഴ ആശുപത്രിക്ക് എന്‍എബിഎച്ച് ആറ് എഡീഷന് അക്രഡിറ്റേഷന് പദവി
Saturday, September 13, 2025 2:28 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് ഇന്ത്യയിലെ ആദ്യ എന്‍എബിഎച്ച് ആർ അക്രഡിറ്റേഷന് പദവി ലഭിച്ചു. ആരോഗ്യസേവനങ്ങളിലെ ഗുണമേന്മയെ ആസ്പദമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്കുന്ന പ്രത്യേക അംഗീകാരമാണിത്.
ഗുണമേന്മയുള്ള പരിചരണം, രോഗീസുരക്ഷ തുടങ്ങിയവയെ പ്രധാന അടിസ്ഥാനമാക്കി നൂറിലധികം ഗുണമേന്മാ മാനദണ്ഡങ്ങള്‍ കൈവരിക്കുകയും അറുനൂറ്റി അന്‍പതോളം മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവ നടപ്പില്‍ വരുത്തുകയും ചെയ്യുന്ന ആശുപത്രികള്‍ക്ക് മാത്രമാണ് ഈ പദവി ലഭ്യമാവുന്നത്.
നാഷണല്‍ അക്രിഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ഏറ്റവും പുതിയ ആറാമത് എഡീഷന് മാര്‍ഗരേഖകള്‍ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഹോസ്പിറ്റലിന് ഈ പദവി ലഭിച്ചത്.
2016 മുതല്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് എന്‍എബിഎച്ച് അംഗീകാരം ലഭ്യമായിട്ടുണ്ട്. മുപ്പത്തിഏഴിലധികം ഡിപ്പാര്‍ട്ടുമെന്റുകളും നൂറ്റിഇരുപത്തിയാഞ്ചിലധികം ഡോക് ടർമാരും ആയിരത്തോളം ആരോഗ്യപ്രവർത്തകരും സേവനം ചെയ്യുന്ന ഈആശുപത്രിയിലെ ക്വാളിറ്റി മാനേജ്മെന്റ് റിവ്യു കമ്മിറ്റിയാണ് അംഗീകാരത്തിനാവശ്യമായ മുന്നൊരുക്കങ്ങളുടെ ഏകോപനം സാധ്യമാക്കിയത്.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജയിംസ് പി കുന്നത്ത്, അസോ. ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, മെഡിക്കല്‍ അഡ്മിനിട്രേറ്റര്‍ ഡോ. എന്‍ രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. പ്രഫ. ഷൈലാ ഐപ്പ് വര്‍ഗീസ്, ക്വാളിറ്റി മാനേജര്‍ ബിജി മാത്യു, പി.എം.ദേവിക, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ നേട്ടത്തിന് പിന്നില്‍ നേതൃത്വം നല്കി.