"നാലു തവണ കാണാൻ ശ്രമിച്ചു അനുമതിയില്ല'; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെതിരേ അടൂർ പ്രകാശ്
Saturday, September 13, 2025 2:28 AM IST
തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട പരാതി നൽകാൻ എംപിയെന്ന നിലയിൽ നാലു തവണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ കാണാൻ അനുമതി ചോദിച്ചിട്ടും അനുമതി നൽകിയില്ലെന്നു യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി.
ബിജെപിയുടെ ചട്ടുകമായി തെരഞ്ഞെടുപ്പു കമ്മീഷൻ എന്നു തെളിയിക്കുന്നതാണ് നടപടി. ഒടുവിൽ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു.
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1.17 ലക്ഷം ഇരട്ടവോട്ടുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 2.61 ലക്ഷമായി ഉയർന്നു. ഇതിൽ ഒരാൾ ഒരിടത്ത് കരുണാകരൻ എന്ന പേരിൽ വോട്ട് ചെയ്തെങ്കിൽ മറ്റൊരു ബൂത്തിൽ കുരുണാകരൻ എന്ന പേരിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഇരട്ട വോട്ടിന്റെയും കള്ളവോട്ടിന്റെയും തെളിവുകൾ സഹിതമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കു പരാതി നൽകിയതെന്നും അടൂർ പ്രകാശ് പറഞ്ഞു.
കള്ളവോട്ടും ഇരട്ട വോട്ടും കണ്ടെത്തി തടയാനുള്ള നടപടി സംസ്ഥാന വ്യാപകമായി നടപ്പാക്കും. ബിഹാറിൽ ബിജെപിയാണ് കള്ളവോട്ട് നടപ്പാക്കുന്നതെങ്കിൽ കേരളത്തിൽ സിപിഎമ്മാണ് ഇതു നടപ്പാക്കുക.
നേരത്തേ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ നടപടിയുണ്ടായിട്ടില്ല. സിപിഎമ്മിനു വേണ്ടി ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് ഇരട്ടവോട്ടിനും കള്ളവോട്ടിനും അനുകൂലമായ സാഹചര്യം ഒരുക്കുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചു.