പോലീസിനെതിരേയുള്ള ആക്ഷേപം; സർക്കാർ നിലപാട് സ്വീകരിക്കാത്തതിൽ പോലീസ് സേനയിൽ അതൃപ്തി
Saturday, September 13, 2025 2:27 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസ് സേനയെ അടച്ചാക്ഷേപിക്കുന്ന മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും എതിരേ അതൃപ്തി പ്രകടിപ്പിച്ച് പോലീസ് അസോസിയേഷനുകൾ.
ഇടതു-വലതു ചേരിയിലുള്ള പോലീസ് സംഘടനകൾ തങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് അതൃപ്തി പ്രകടിപ്പിക്കുന്ന ചർച്ചകൾ നടത്തുന്നത്. പോലീസിനെ അടച്ചാക്ഷേപിക്കുന്പോൾ സർക്കാർ നിലപാട് വ്യക്തമാക്കാത്തതും പോലീസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്.
പോലീസിനെതിരേയുള്ള പരാതികളെ കേരള പോലീസിന്റെ മികവുകൾ നിരത്തിയാണു പ്രതിരോധിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ പോലീസിനെതിരേ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കു മുന്നിൽ വരുന്ന പരാതികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്നു പോലീസ് അസോസിയേഷൻ പറയുന്നുണ്ട്.
2014ൽ 671 പരാതികൾ വന്നിട്ടുണ്ടെങ്കിലും 2024ൽ 94 പരാതികൾ മാത്രമാണ് വന്നിട്ടുള്ളത്. ഒരു വർഷം ആറുലക്ഷം എഫ്ഐആർ ഇടുന്നതിനൊപ്പം 30 ലക്ഷം പരാതികൾ പരിഹരിക്കുന്ന കേരള പോലീസ് ഇന്ത്യയിലെ മികച്ച പോലീസ് സേനയാണെന്നും അസോസിയേഷന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഈ പോലീസ് സംവിധാനത്തെ താറടിച്ച് കാണിക്കാനാണ് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പോലീസിനെ ആക്രമിക്കുന്നതെന്നും കേരള പോലീസ് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.
പോലീസിനെതിരേ വാർത്തകൾ നല്കുന്ന മാധ്യമങ്ങൾ ബഹിഷ്കരിക്കാനുള്ള ചർച്ചകളും വാട്സാപ്പ് ഗ്രൂപ്പുകളിൽ സജീവമാണ്. കുന്നംകുളം സംഭവത്തിന്റെ പേരിൽ പോലീസിനെയാകെ അടച്ചാക്ഷേപിച്ചുള്ള വിമർശനം അപകടകരമാണെന്നും അസോസിയേഷനുകൾ ആരോപിക്കുന്നു.