ജിസിസി നയം ഉടൻ: മുഖ്യമന്ത്രി
Saturday, September 13, 2025 2:27 AM IST
കൊച്ചി: രാജ്യാന്തരതലത്തിലുള്ള ഗ്ലോബൽ കേപ്പബിലിറ്റി സെന്റര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഈ വര്‍ഷംതന്നെ സംസ്ഥാനം ഗ്ലോബൽ കേപ്പബിലിറ്റി സെന്റര്‍ (ജിസിസി) നയം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കേരള ഐടിയും ഇറ്റി ജിസിസി വേള്‍ഡ് ഡോട്ട് കോമും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ മേധാവികളുമായി നടത്തിയ റൗണ്ട് ടേബിള്‍ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ജിസിസി തുടങ്ങാന്‍ ആഗ്രഹിക്കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഇളവുകള്‍ നല്‍കും. നിലവില്‍ 40 ജിസിസികളാണു കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. അത് 120 ആക്കി ഉയര്‍ത്തുകയാണു ലക്ഷ്യം. 2030 ആകുമ്പോഴേക്കും 40,000 തൊഴിലവസരം രണ്ടുലക്ഷമാക്കി ഉയര്‍ത്തുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാനസൗകര്യം, ലോകോത്തര ഐടി പാര്‍ക്കുകള്‍, ജീവിതസാഹചര്യം എന്നിവ നേരിട്ടു മനസിലാക്കുന്നതിന് വ്യവസായ പ്രതിനിധികളെ മുഖ്യമന്ത്രി ക്ഷണിച്ചു. ഐടി സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന ഐടി ഉന്നതാധികാര സമിതി വൈസ് ചെയര്മാന് എസ്.ഡി. ഷിബുലാല്‍, വിവിധ കമ്പനി മേധാവികള്‍ എന്നിവർ പ്രസംഗിച്ചു.