ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ട നീതി നിഷേധിക്കുന്നു: മാർ ജോസഫ് പാംപ്ലാനി
Saturday, September 13, 2025 2:28 AM IST
കണ്ണൂർ: അർഹതപ്പെട്ട നീതിപൂർവമായ പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുന്നതായി തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു പുലർത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസികളുടെ സഹകരണത്തോടെ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ സർക്കാർ അടയിരിക്കുന്നത് അന്യായമാണ്. എയ്ഡഡ് മാനേജ്മെന്റുകളെ അയിത്തം കല്പിച്ച് തിന്മയുടെ വക്താക്കളായി അവതരിപ്പിക്കുന്നു. ഇതര സമുദായങ്ങളിൽനിന്നു ഭിന്നമായി ക്രൈസ്തവ മാനേജ്മെന്റുകളുടെ അധ്യാപകർക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരിൽ ശന്പളം നൽകാതെ ഏഴു വർഷമായി തടഞ്ഞുവച്ചിരിക്കുന്നു. ഈ അന്യായം കണ്ടില്ലെന്നു നടിക്കാനാകില്ല. സ്കൂൾ വിഷയത്തിൽ എൻഎസ്എസ് നേടിയ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായിട്ടും വിധിയെ സർക്കാർ അംഗീകരിക്കുന്നില്ല.
ക്രൈസ്തവ സ്കൂളുകളുടെ ശന്പള വിഷയത്തിൽ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി വിധിച്ച് ഒന്നര വർഷമായിട്ടും സർക്കാർ അനങ്ങുന്നില്ല. അന്യായത്തിന് അറുതി വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായി മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
സമരം വിജയിക്കുംവരെ സഭാനേതൃത്വം സമരക്കാർക്കൊപ്പം ഉണ്ടാകും. സർക്കാർ നടത്താൻ പോകുന്ന ന്യൂനപക്ഷ സംഗമത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തുന്നതെന്ന് അറിയാത്തതിനാൽ മറുപടി പറയുന്നില്ലെന്ന് പിന്നീട് ചോദ്യത്തിന് മറുപടിയായി മാർ പാംപ്ലാനി വ്യക്തമാക്കി.
നിയമനങ്ങൾ ക്രമവത്കരിക്കണമെന്നും ജോലി ചെയ്യുന്നവർക്ക് വേതനത്തിന് അർഹതയുണ്ടെന്നും കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി പറഞ്ഞു. വർഷങ്ങളായി ചർച്ച നടത്തിയിട്ടും ഹൈക്കോടതിവിധി സർക്കാർ പാലിക്കാതെ വന്നതിനാലാണു സമരത്തിന് ഇറങ്ങേണ്ടിവന്നതെന്നും പ്രശ്നം പരിഹരിക്കണമെന്നും കണ്ണൂർ രൂപത കോർപറേറ്റ് മാനേജർ മോൺ. ക്ലാരൻസ് പാലിയത്ത് ആവശ്യപ്പെട്ടു. കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകർ സമരത്തിനിറങ്ങേണ്ടി വന്നത് സർക്കാരിനു ഭൂഷണമല്ലെന്ന് കോട്ടയം അതിരൂപത ശ്രീപുരം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ പറഞ്ഞു.
തലശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വർഗീസ് വടശേരിൽ പ്രസംഗിച്ചു. സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കാൾടെക്സ് ജംഗ്ഷൻ ചുറ്റി കളക്ടറേറ്റ് പടിക്കൽ സമാപിച്ചു.