വിൻസന്റ് ഡി പോൾ സൊസൈറ്റി ദേശീയ കൗൺസിൽ സമ്മേളനത്തിനു തുടക്കം
Saturday, September 13, 2025 2:27 AM IST
കൊച്ചി: സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ദേശീയ കൗൺസിലിന്റെ 71 -ാം വാർഷികസമ്മേളനം എറണാകുളം ആശീർഭവനിൽ തുടങ്ങി. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
ദേശീയ കൗൺസിൽ പ്രസിഡന്റ് ബ്രദർ ജൂഡ് മംഗൾരാജ് അധ്യക്ഷത വഹിച്ചു. വരാപ്പുഴ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബ്രദർ റോക്കി രാജൻ, ഫാ. ജോസഫ് ആരോഗ്യ ജയകുമാർ, മോൺ. ക്ലീറ്റസ് പറമ്പിലോത്ത്, ബ്രദർ ജോസഫ് പാണ്ഡ്യൻ, ബ്രദർ സാന്റിയാഗോ എന്നിവർ പ്രസംഗിച്ചു.
സൊസൈറ്റിയുടെ നിയമാവലിയുടെ മലയാളം പരിഭാഷ പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയും ബൈബിൾ പ്രതിഷ്ഠയുമുണ്ടായിരുന്നു. മൂന്നു ദിവസത്തെ ദേശീയ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി 130 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തു 88 രൂപതകളിലായി 6738 കോൺഫറൻസുകളും 66,676 സജീവ അംഗങ്ങളും സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്കുണ്ട്. 128.95 കോടി രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ നടപ്പാക്കിയെന്ന് ഭാരവാഹികൾ അറിയിച്ചു.