വാട്ടര്‍ മെട്രോ മുംബൈയിലേക്ക്
Saturday, September 13, 2025 2:27 AM IST
കൊച്ചി: കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതിറിപ്പോര്‍ട്ട് തയാറാക്കാന്‍ കെഎംആര്‍എല്‍ 4.4 കോടി രൂപയുടെ കരാര്‍ നേടി. മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്നു കരാര്‍ നേടിയതിലൂടെ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനത്തില്‍ ദേശീയതലത്തില്‍ സുപ്രധാന ചുവടുവയ്പ് നടത്തിയിരിക്കുകയാണ് കൊച്ചി മെട്രോ.
മുംബെ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ്തര്ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതിനാണ് കെഎംആര്‍എലിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ആദ്യപടിയായി കെഎംആര്‍എലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം സാധ്യതാപഠന റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിരുന്നു.
ഇനി ഡിപിആര്‍ തയാറാക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ഡിപിആര്‍ സമര്‍പ്പിക്കും. അടുത്ത വര്‍ഷം ആദ്യംതന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണു ശ്രമം.
250 കിലോമീറ്റര്‍ നീണ്ട ജലപാതകളില്‍ 29 ടെര്‍മിനലുകളും പത്തു റൂട്ടുകളും ഉള്‍പ്പെടുത്തിയാണ് വാട്ടര്‍ മെട്രോ നടപ്പാക്കുക. കനാലും കായലും കടലും പോര്‍ട്ട് വാട്ടറും ഉള്‍പ്പെടുന്ന മേഖലയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കുകയെന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണു കൊച്ചി മെട്രോ ഏറ്റെടുത്തിരിക്കുന്നതെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അഥോറിറ്റിയുടെ നിര്‍ദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 18 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള സാധ്യതാപഠനവും കെഎംആര്‍എല്‍ നടത്തിവരുന്നു.
പാറ്റ്ന, ശ്രീനഗര്‍ എന്നിവിടങ്ങളിലെ സാധ്യതാ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചുകഴിഞ്ഞു. അഹമ്മദാബാദ്, ഗോഹട്ടി എന്നിവിടങ്ങളിലെ റിപ്പോര്‍ട്ട് ഈ മാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.