ഹൃദയപൂർവം വന്ദേഭാരത് ... കൊല്ലത്തുനിന്ന് ഒരു ജീവൻരക്ഷാ ദൗത്യം
Saturday, September 13, 2025 2:27 AM IST
കൊല്ലം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ കൊല്ലത്തുനിന്നൊരു ജീവൻ രക്ഷാദൗത്യം. അഞ്ചൽ ഏരൂർ കരുകോൺ സ്വദേശിനിയായ 13വയസുകാരിയെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വന്ദേഭാരതിൽ എറണാകുളത്തേക്ക് വിജയകരമായി എത്തിച്ചത്.
തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലാണ് പെൺകുട്ടി ആദ്യം ചികിത്സയിൽ കഴിഞ്ഞിരുന്നത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ലിസി ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നത്.
അനുയോജ്യമായ ഹൃദയം ലഭിക്കുന്ന മുറയ്ക്ക് വിവരം അറിയിക്കാമെന്ന് ഇവിടത്തെ ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പണം സ്വരൂപിക്കാനുള്ള തിരക്കിലുമായിരുന്നു.ഇതിനിടയിലാണു ഹൃദയശസ്ത്രക്രിയയ്ക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഇന്നലെ ഉച്ചയോടെ അറിയിപ്പ് കുട്ടിയുടെ രക്ഷിതാക്കൾക്ക് എത്തിയത്.
എയർ ആംബുലൻസിന്റെ സഹായം തേടിയെങ്കിലും കിട്ടാതെ വന്നതോടെയാണു ട്രെയിൻ മാർഗം എറണാകുളത്തേക്കു പോകാൻ കുടുംബം തീരുമാനിക്കുന്നത്. തുടർന്ന് വീട്ടുകാർ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹായം തേടി.
എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ അടിയന്തര ഇടപെടലിനെത്തുടർന്നാണ് മാതാപിതാക്കൾക്കും പെൺകുട്ടിക്കുമായി വന്ദേഭാരത് എക്സ്പ്രസിൽ യാത്രാസൗകര്യം ഒരുക്കിയത്. ഇന്നലെ വൈകുന്നേരം 4.55ന് തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. അതിനു മുമ്പുതന്നെ ഇവർക്ക് സുരക്ഷിതമായി ട്രെയിനിൽ കയറുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സ്റ്റേഷൻ അധികൃതരും റെയിൽവേ സംരക്ഷണസേനയും ഒരുക്കിയിരുന്നു.
കുട്ടിയും രക്ഷിതാക്കളും രാത്രി ഏഴോടെ എറണാകുളത്ത് എത്തി. അവിടെനിന്നു കുട്ടിയെ ലിസി ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള സൗകര്യവും റെയിൽവേ അധികൃതർ ക്രമീകരിച്ചിരുന്നു.
സുമനസുകളുടെ സഹായത്തോടെയാണ് നിർധന കുടുംബം ശസ്ത്രക്രിയയ്ക്കുള്ള പണം സ്വരൂപിച്ചത്. വാഹനാപകടത്തെത്തുടര്ന്നു മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം ബില്ജിത്ത് ബിജു(18) വിന്റെ ഹൃദയമാണ് പെൺകുട്ടിയിൽ തുടിക്കുക.