സർവകലാശാലാ ഭൂമി ഇടപാടിൽ കെ.ടി. ജലീലിന് കമ്മീഷൻ ലഭിച്ചു: പി.കെ. ഫിറോസ്
Sunday, September 14, 2025 2:01 AM IST
മലപ്പുറം: മലയാള സർവകലാശാലാ ഭൂമി ഇടപാടിൽ കെ.ടി. ജലീലിന് കമ്മീഷൻ ലഭിച്ചെന്നും ഇടപാടിൽ പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞാൽ ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിടുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.
ജലീലിന്റെ നേതൃത്വത്തിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയാണ്. 2,000 മുതൽ 40,000 വരെയുള്ള ഭൂമി സെന്റിന് 1.60 ലക്ഷം രൂപയ്ക്കാണ് സർക്കാർ വാങ്ങിയത്. 17.65 കോടിയാണ് മൊത്തം ചെലവായത്. ഭൂവുടമകളിൽ ചിലർ മന്ത്രി വി. അബ്ദുറഹ്മാന്റെ സഹോദരന്റെ മക്കളാണ്. തിരൂരിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർഥിയുടെ ബന്ധുക്കളുടെ ഭൂമിയുമുണ്ട്.
അതീവ ദുർബല പ്രദേശമാണിതെന്നും ഇവിടെ നിർമാണം നടക്കില്ലെന്നും യൂത്ത് ലീഗ് അന്നേ പറഞ്ഞിരുന്നു. കണ്ടൽക്കാടുകൾ ഒഴിവാക്കി ഏറ്റെടുത്തെന്നായിരുന്നു ജലീലിന്റെ വാദം. ചെന്നൈയിലെ ഗ്രീൻ ട്രൈബ്യൂണൽ ഏർപ്പെടുത്തിയ ഉപസമിതി ഇതിനകത്തെ ഭൂരിഭാഗം ഭൂമിയും കണ്ടൽക്കാടുകൾ തിങ്ങിനിറഞ്ഞതാണെന്ന് കണ്ടെത്തി.
2019ൽ പിണറായി വിജയൻ തറക്കല്ലിട്ട സ്ഥലത്ത് ആറ് വർഷമായിട്ടും ഒരു കല്ലുപോലും വയ്ക്കാനായില്ല. ഇപ്പോൾ സർക്കാർ വേറെ ഭൂമി അന്വേഷിക്കുകയാണ്. ഭൂമിക്കായി സർക്കാർ ചെലവാക്കിയ തുക ജലീലിൽനിന്ന് ഈടാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മലയാള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി. ജലീൽ മറുപടി നൽകി. അന്ന് യുഡിഎഫ് സർക്കാരിന്റെ ഭരണമായിരുന്നു. 2016 ഫെബ്രുവരി 17നാണ് സെന്റിന് 1,70,000 രൂപ നിരക്കിൽ ധാരണയായത്. സെന്റിന് 10,000 രൂപ കുറച്ചത് ഇടതുസർക്കാരാണ്. ഉപയോഗമില്ലാത്ത ആറേകാൽ ഏക്കർ ഭൂമി ഒഴിവാക്കി. ഒരു തരത്തിലുള്ള അഴിമതിയും ഭൂമി വാങ്ങിയതിലില്ല.
എന്തു ചെയ്യുമ്പോഴും കമ്മീഷൻ പ്രതീക്ഷിക്കുന്നവരാണ് ലീഗുകാരും കോൺഗ്രസുകാരും. പറമ്പുകച്ചവടത്തിന് കമ്മീഷൻ വാങ്ങുന്നത് ഫിറോസിന്റെ ശീലവുമാണ്. സാമ്പത്തിക പ്രയാസത്തിലാണ് കെട്ടിടം പണി ആദ്യം വൈകിയത്. എംഎൽഎയുടെ താത്പര്യക്കുറവും പിന്നീട് കാരണമായി. തനിക്കെതിരേ തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു.
ഫിറോസ് പങ്കാളിയായ ബ്ലൂഫിൻ ട്രാവൽ ഏജൻസി, ബ്ലൂഫിൻ വില്ലാ പ്രോജക്ട് കമ്പനികൾ കേരളത്തിലുണ്ട്. ബ്ലൂഫിൻ പ്രോപ്പർട്ടി കെയർ എൽഎൽസി, ബ്ലൂഫിൻ ടൂറിസം എൽഎൽസി തുടങ്ങി രണ്ടു കമ്പനികൾ ദുബായിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ മാനേജിംഗ് ഡയറക്ടറാണോ ഫിറോസ് എന്ന് വ്യക്തമാക്കണം. ഫിറോസ് പങ്കാളിയാണെന്ന് സമ്മതിച്ച കൊപ്പത്തെ യമ്മി ഫ്രൈഡ് ചിക്കന്റെ ഉടമ അഷറഫ് വെള്ളടത്ത് തന്നെയാണ് പാർട്ണർ എന്നും ജലീൽ പറഞ്ഞു.