നിയമസഭാ സമ്മേളനം നാളെ മുതല്; സഭയിൽ രാഷ്ട്രീയം തിളച്ചുമറിയും
Sunday, September 14, 2025 2:01 AM IST
സാബു ജോണ്
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിലെ ഉജ്വലവിജയത്തിന്റെ തിളക്കവുമായാണ് നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്കു പ്രതിപക്ഷം കടന്നുവരുന്നത്. എന്നാൽ, പോലീസ് അതിക്രമങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങളാകും ചുരുങ്ങിയ ദിവസങ്ങളിലേക്കു ചേരുന്ന നിയമസഭാ സമ്മേളനത്തെ ഇളക്കിമറിക്കാൻ പോകുന്നത്.
രാഹുൽ മാങ്കൂട്ടത്തിലോ കേരള പോലീസ് ആകുമോ ഇത്തവണത്തെ സമ്മേളനത്തിൽ താരമാകാൻ പോകുന്നതെന്നും രാഷ്്ട്രീയകേരളം കൗതുകപൂർവം കാത്തിരിക്കുകയാണ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിനെത്തിയാൽ ഭരണപക്ഷം അത് ഉയർത്തിക്കാട്ടി സഭയിലെ ചർച്ച ആ വഴിക്കു തിരിച്ചുവിടും.
അത് അവർ ആഗ്രഹിക്കുന്നുമുണ്ട്. അതല്ല രാഹുൽ സഭയിലെത്തുന്നില്ലെങ്കിൽ സമീപദിവസങ്ങളിൽ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന പോലീസ് അതിക്രമങ്ങൾ സഭയെ പ്രക്ഷുബ്ധമാക്കും. ആഭ്യന്തരവകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും നേരേ പ്രതിപക്ഷം ഇതിനു മുന്പില്ലാത്ത വിധം ആക്രമണം കടുപ്പിക്കും.
യൂത്ത് കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനു നേരേ ഉണ്ടായ പോലീസ് മർദനം നിയമസഭയിൽ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. സുജിത്തിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പോലീസ് അതിക്രമത്തിന്റെ നിരവധിയായ സംഭവങ്ങളാണു വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്.
പരാതിക്കാരിൽ ഭരണപക്ഷത്തുള്ളവരും ഉണ്ടെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങൾ വരുന്പോൾ ‘ഒറ്റപ്പെട്ട സംഭവം’ എന്ന ഒഴുക്കൻ വിശദീകരണമാണു മുഖ്യമന്ത്രി നൽകുക.
വടക്കാഞ്ചേരിയിൽ കെഎസ്യു നേതാക്കളെ കറുത്ത തുണി മുഖത്തണിയിച്ചും കൈയാമം വച്ചും കോടതിയിലും ജയിലിലും കൊണ്ടുപോയ സംഭവത്തോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കടുത്തിരിക്കുകയാണ്. അയ്യപ്പസംഗമവും ന്യൂനപക്ഷ സംഗമവുമൊക്കെ രാഷ്്ട്രീയ വിഷയങ്ങളായി സഭയിൽ ഉയർന്നുവരും.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിന്റേതായി പുറത്തുവന്ന ശബ്ദരേഖ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കരുവന്നൂർ ഉൾപ്പെടെയുള്ള ബാങ്ക് തട്ടിപ്പു കേസുകളിൽ ഇഡി നടപടി തണുപ്പിച്ചത് സിപിഎം- ബിജെപി ധാരണയുടെ ഭാഗമെന്ന തരത്തിൽ യുഡിഎഫ് പ്രചാരണം കടുപ്പിക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പു നടക്കുന്ന അവസാന നിയമസഭാ സമ്മേളനമാണിത്. സ്വാഭാവികമായും നിയമസഭയിലും തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളായിരിക്കും ഇരുമുന്നണികളും നടത്തുക. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി ഇനി അടുത്ത വർഷം ആദ്യം നടക്കുന്ന ഒരു സമ്മേളനംകൂടി മാത്രമേ ഉണ്ടാകൂ.
നിലന്പൂരിൽനിന്ന് ആര്യാടൻ ഷൗക്കത്ത് പുതുമുഖമായി വരുന്പോൾ വാഴൂർ സോമന്റെ അഭാവം പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ വേദനയായിരിക്കും.