"ഫോണിലൂടെ അധികം പാർട്ടി സംഭാഷണങ്ങൾ വേണ്ട'; ശബ്ദരേഖ വിവാദത്തിൽ കടുത്ത നടപടികളിലേക്ക് സിപിഎം
Sunday, September 14, 2025 2:01 AM IST
തൃശൂർ: പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ സംഭാഷണങ്ങളും രേഖകളും ചോരാതിരിക്കാൻ കടുത്ത നടപടികളിലേക്ക് സിപിഎം.
കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടേതായി പുറത്തുവന്ന ഫോണ് സംഭാഷണങ്ങളും രേഖകളുമെല്ലാം തൃശൂരിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം കടിഞ്ഞാണ് മുറുക്കുന്നത്.
എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ തുടങ്ങിയ നേതാക്കൾക്കെതിരേ ഡിവൈഎഫ്ഐ നേതാവ് തുറന്നടിച്ച സാഹചര്യം അതീവഗൗരവത്തോടെ കാണണമെന്നും നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നും പരക്കേ അഭിപ്രായമുയർന്നിട്ടുണ്ട്. അച്ചടക്ക നടപടി അനിവാര്യമാണെന്ന് പാർട്ടിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത്പ്രസാദിന്റേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ പാർട്ടി അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ശരത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. മൂന്നുദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.
മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്ന സൂചന. സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തൽ.
അഞ്ചുവർഷം മുൻപുള്ള സംഭാഷണമാണിതെന്ന് ശരത് ആദ്യം സമ്മതിച്ചതോടെ സംഭാഷണം കെട്ടിച്ചമച്ചതല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ പിന്നീട് ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് ശരത് തിരുത്തുകയും ചെയ്തു. ഡിവൈഎഫ്ഐയിലെ ശക്തമായ വിഭാഗീയതയാണ് ഇപ്പോഴത്തെ സംഭാഷണചോർച്ചയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.
ഫോണിലൂടെയുള്ള പാർട്ടി സംഭാഷണങ്ങൾ പരമാവധി കുറയ്ക്കാനും അതുമിതും വിളിച്ചുപറഞ്ഞാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പുനൽകുന്നു.