കേന്ദ്ര ധനമന്ത്രിയുടെ പേരിൽ നിക്ഷേപകതട്ടിപ്പ്
Sunday, September 14, 2025 2:01 AM IST
കൊച്ചി: നിര്‍മിതബുദ്ധി (എഐ) യില്‍ നിര്‍മിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ വ്യാജ വീഡിയോ ഉപയോഗിച്ചുള്ള നിക്ഷേപകതട്ടിപ്പില് രാജ്യത്താകെ കോടികളുടെ നഷ്ടം. നിര്‍മല സീതാരാമന് ഒരു നിക്ഷേപക സംഗമത്തില്‍ സംസാരിക്കുന്നതായി നിര്‍മിച്ച ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ചാണു തട്ടിപ്പ്.
മന്ത്രി ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ച് പറയുന്നതും അതില്‍ 21,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കുന്നതിലൂടെ വലിയ ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതുമാണ് വീഡിയോ. എഐ നിര്‍മിതമാണെന്നു മനസിലാകാത്ത രീതിയില്‍ തയാറാക്കിയിട്ടുള്ള വീഡിയോ വിശ്വസിച്ചാണു നിക്ഷേപകര്‍ വഞ്ചിതരാകുന്നത്.
പ്രമോഷണല്‍ വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുസംഘത്തിന്റെ വലയില്‍ അകപ്പെടുന്നു. വിദേശനമ്പറുകള്‍ ഉപയോഗിച്ചുള്ള വാട്സാപ്പിലൂടെയാണ് ഇരകളുമായി തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്.
ഫിന്‍ബ്രിഡ്ജ് ക്യാപ്പിറ്റല്‍ എന്ന കമ്പനിയുടെ ആളാണെന്ന് അവകാശപ്പെട്ട് രജിസ്ട്രേഷന് നടത്താനെന്ന വ്യാജേന സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു.
കമ്പനിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്നു പരിചയപ്പെടുത്തുന്നയാള്‍ ചെറിയ തോതില്‍ നിക്ഷേപം ആരംഭിക്കാന്‍ നിര്‍ദേശിക്കുകയും ഡോളറില്‍ കണക്കാക്കിയ വ്യാജ ലാഭം കാണിച്ച് വിശ്വസിപ്പിക്കുകയും ചെയ്യും. തുടര്‍ന്നുള്ള പ്രേരണയില്‍ കൂടുതല്‍ നിക്ഷേപം നടത്തും. അതു പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധിപ്പേരാണ് ഈ തട്ടിപ്പിനിരയായിരിക്കുന്നത്. കോടികളുടെ നിക്ഷേപം ഇതിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
അതേസമയം, കേരളത്തില്‍നിന്ന് ഇത്തരത്തിലുള്ള തട്ടിപ്പുകേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൈബര്‍ പോലീസ് പറഞ്ഞു. എന്നിരുന്നാലും ഇത്തരത്തിലുള്ള സാമ്പത്തികതട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്.
സൈബര്‍ സാമ്പത്തികതട്ടിപ്പിനിരയായാല് 1930 എന്ന നമ്പറിലോ www.cybercrime. gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടാം.