ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റില്‍ മാറ്റം
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിനു മുന്നോടിയായുള്ള ലേണേഴ്സ് ഓണ്‍ലൈന്‍ ടെസ്റ്റിന്റെ മാതൃക അടുത്തമാസം ഒന്നു മുതല്‍ മാറും. ചോദ്യങ്ങളുടെ എണ്ണം 20ല്‍നിന്നും 30 ആക്കിയും ഉത്തരം നല്‍കാനുള്ള സമയം 15 സെക്കന്ഡില്നിന്നും 30 സെക്കന്‍ഡാക്കി ഉയര്‍ത്തിയുമാണ് പുതിയ പരിഷ്കാരം. ഡ്രൈവിംഗ് പരിശീലകര്‍ക്കും പരീക്ഷ നടത്തുന്നതിനു നിര്‍ദേശമുണ്ട്.
നിലവില്‍ ലേണേഴ്സ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ മൂന്ന് അല്ലെങ്കില്‍ നാല് ഓപ്ഷനുകളുള്ള 20 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാണുള്ളത്. 20ല്‍ കുറഞ്ഞത് 12 ശരിയായ ഉത്തരങ്ങള്‍ നേടിയാല്‍ വിജയിക്കാം. ഓരോ ചോദ്യത്തിനും ഉത്തരം കണ്ടെത്തുന്നതിനായി 15 സെക്കന്‍ഡാണ് ലഭിക്കുക. പുതിയ പാറ്റേണില്‍ ഇത് 30 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളായി മാറും. കുറഞ്ഞത് 18 ചോദ്യങ്ങള്‍ക്കെങ്കിലും ശരിയായ ഉത്തരം നല്‍കണം.
ചോദ്യങ്ങള്‍ ചോദിക്കുന്ന സിലബസ് പുതിയ എംവിഡി ലീഡ്സ് മൊബൈല്‍ ആപ്പില്‍ ലഭ്യമാണ്. ലേണേഴ്സ് ലൈസന്‍സ് പരീക്ഷ എഴുതുന്നതിനു മുമ്പ് പ്രാക്ടീസ് ചെയ്യുന്നതിനായി പ്രാക്ടീസ് ടെസ്റ്റുകളും മോക് ടെസ്റ്റുകളും ആപ്പ് വഴി പരിശീലിക്കാം.
ആപ്പിലെ മോക് ടെസ്റ്റുകള്‍ വിജയിക്കുന്നവര്‍ക്ക് റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്കുന്ന കാര്യവും ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്. എംവിഡി ലീഡ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്രയില്‍ കണ്സഷന് നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ഡ്രൈവിംഗ് സ്കൂള്‍ പരിശീലകര്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനു ഇന്‍സ്ട്രക്ടര്‍ ലൈസന്‍സ് കൈവശം വയ്ക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കും. പരിശീലകര്‍ മോട്ടോര്‍ എംവിഡി ലീഡ്സ് ആപ്പ് ടെസ്റ്റ് പാസാകുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യണം. വകുപ്പിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും റോഡ് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് പരീക്ഷ പാസാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.