മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു
Sunday, September 14, 2025 2:01 AM IST
പാലാ: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിന്‍കരയില്‍ ജിസ് സാബു (28), കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍ ബാബു (30) എന്നിവരാണ് മരിച്ചത്. മീനച്ചിലാറ്റില്‍ മുരിക്കുംപുഴ തൈങ്ങന്നൂര്‍ കടവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് അപകടം.
സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറ്റുതീരത്ത് വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി എത്തിയത്. സംഘത്തിലെ രണ്ട് പേര് കുളിക്കാനിറങ്ങിയപ്പോള്‍ ആഴമുള്ള സ്ഥലമായ ഇവിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പാലാ ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ഫോഴ്സ് സംഘമാണ് യുവാക്കളെ കരയ്ക്കെത്തിച്ചത്. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയില്‍.
ചെമ്മലമറ്റം വെട്ടിക്കല്‍ ബാബു-ബിന്ദു ദമ്പതിമാരുടെ മകനാണ് ബിബിന്‍. സഹോദരന്: ബിനീഷ് (ബോബന്). ജിസിന്റെ അമ്മ: അജി. സഹോദരി: ജീന.