പി.പി. തങ്കച്ചന് നാട് വിടചൊല്ലി
Sunday, September 14, 2025 2:01 AM IST
പെരുമ്പാവൂര്‍/ നെടുമ്പാശേരി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പി.പി. തങ്കച്ചന് നാട് വിടചൊല്ലി.
പെരുമ്പാവൂരിലെ വസതിയില്‍ നിന്നു സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറും കഴിഞ്ഞാണ് മൃതദേഹം വാഹനങ്ങളുടെ അകമ്പടിയോടെ പൈതൃക ഇടവകയായ അകപ്പറമ്പ് മോര് ശാബോര്‍ അഫ്രോത്ത് കത്തീഡ്രല്‍ വലിയ പള്ളിയിൽ എത്തിച്ചത്. കത്തീഡ്രലിലെ പ്രാർഥനയ്ക്കുശേഷം കുടുംബക്കല്ലറയില്‍ ഭൗതികദേഹം സംസ്കരിച്ചു.
മാര്‍ ഇവാനിയോസ് മാത്യൂസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭവനത്തില്‍ നടന്ന ശുശ്രൂഷയില്‍ മാര്‍ അഫ്രേം മാത്യൂസ്, മാര്‍ യൗസേബിയോസ് കുര്യാക്കോസ്, മാര്‍ ക്രിസോസ്റ്റമോസ് മാര്‍ക്കോസ്, മാര്‍ അത്തനാസിയോസ് ഏലിയാസ്, മോര് യൂലിയോസ് ഏലിയാസ്, മോര് അന്തിമോസ് മാത്യൂസ്, റമ്പാന് ഗീവര്‍ഗീസ് കുറ്റിപ്പുഴ എന്നിവര്‍ പങ്കെടുത്തു.
അകപ്പറമ്പ് കത്തീഡ്രലില്‍ നടന്ന മരണാനന്തര ശുശ്രൂഷകള്‍ക്ക് ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ അനുശോചന കല്പന വായിച്ചശേഷം മാര്‍ സേവേറിയോസ് ഏബ്രഹാം വലിയ മെത്രാപ്പോലീത്ത കാര്‍മികത്വം വഹിച്ചു. ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത സഹകാര്‍മികനായിരുന്നു.
മന്ത്രി കെ.രാജന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്, എംപിമാരായ ബെന്നി ബെഹനാന്, ഷാഫി പറമ്പില്‍, എം.കെ. രാഘവന്, ഡീന്‍ കുര്യാക്കോസ്, രാജ്മോഹന്‍ ഉണ്ണിത്താന്, കൊടിക്കുന്നില്‍ സുരേഷ്, മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, ദീപാദാസ് മുന്‍ഷി, കേരള കോണ്‍ഗ്രസ് എറണാകുളം ജില്ല പ്രസിഡന്റ് ഷിബു തെക്കുംപുറം, ജ്യോതികുമാര്‍ ചാമക്കാല, എം.എം. മോനായി, ജോസ് തെറ്റയില്‍ തുടങ്ങിയവര്‍ വസതിയിലും പള്ളിയിലുമായി അന്ത്യാഞ്ജലിയര്‍പ്പിച്ചു.