വന്യമൃഗങ്ങളെ കൊല്ലാനുള്ള ബിൽ പാസാക്കാൻ കടന്പകളേറെ
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാനുള്ള ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചെങ്കിലും പാസാക്കാൻ ഇനിയും കടന്പകളേറെയുണ്ട്.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലാണ് കേരളം ഭേദഗതി വരുത്തുന്നത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഒരു സംസ്ഥാനം ഭേദഗതി വരുത്തുന്നത് ആദ്യമാണെന്നു മന്ത്രിസഭയിൽ ബില്ലിന്റെ കരട് അവതരിപ്പിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.
ഇനി നിയമവകുപ്പിന്റെ പരിഗണനയ്ക്കു പോകുന്ന ബില്ലിന്റെ കരടിൽ നിയമ ഭേദഗതിയുടെ ഉദ്ദേശ്യ കാരണങ്ങൾ അടക്കം വിശദീകരിക്കണം. ബില്ലിന്റെ ഇംഗ്ലീഷ് ഭാഷാ പരിഭാഷ തയാറാക്കി ഗവർണറുടെ പ്രാഥമിക അനുമതി നേടണം. തുടർന്ന് നിയമസഭയിൽ ബിൽ അവതരിപ്പിച്ച ശേഷം വിശദ പരിശോധനയ്ക്കായി സബ്ജക്ട് കമ്മിറ്റിക്കു വിടണം. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം വീണ്ടും നിയമസഭയിലെത്തുന്ന ബില്ലാകും ചർച്ച ചെയ്തു പാസാക്കുക. തുടർന്നു ഗവർണറുടെ അംഗീകാരത്തിനു വിടും.
കേന്ദ്ര നിയമത്തിന്മേല് സംസ്ഥാനം വരുത്തുന്ന ഭേദഗതിയായതിനാൽ ഗവർണർ രാഷ്്ട്രപതിക്ക് അയയ്ക്കാനും സാധ്യതയുണ്ട്. രാഷ്്ട്രപതിയുടെ അംഗീകാരം നേടിയാൽ മാത്രമേ നിയമഭേദഗതി നിലവിൽ വരികയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ രാഷ്്ട്രീയ നീക്കംകൂടിയായി സംസ്ഥാന സർക്കാരിന്റെ ഈ ബില്ലിനെ വിശേഷിപ്പിക്കാം.
കേന്ദ്ര നിയമത്തിലെ വ്യവസ്ഥ പ്രകാരം, അപകടകാരികളായ വന്യമൃഗങ്ങളെ പിടികൂടാനോ മയക്കുവെടി വയ്ക്കാനോ, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല. അഥവാ പിടികൂടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും പാടില്ല. മൃഗങ്ങൾക്ക് യാതൊരു പരിക്കു പറ്റാനും പാടില്ല.
കടുവ/ പുലി ഇറങ്ങിയാൽ ആദ്യപടി എന്ന നിലയിൽ ആറംഗ സമിതി രൂപീകരിക്കണം. കാമറ വച്ച് അതിൽ ലഭിക്കുന്ന ചിത്രങ്ങൾ പരിശോധിച്ച് ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയണം. കന്നുകാലികൾക്കുണ്ടായ പരിക്ക്, ഗുരുതരമായ ഏറ്റുമുട്ടൽ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കണം.
വന്യമൃഗത്തിന്റെ ദിവസേനയുള്ള ചലനം മനസിലാക്കാൻ പ്രഷർ ഇംപ്രഷൻ പാഡുകൾ സ്ഥാപിക്കണം. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളെ നിയന്ത്രിക്കണം. കൂട് വയ്ക്കുന്നതും കെണി ഒരുക്കുന്നതും തുടർച്ചയായി പരാജയപ്പെട്ടാൽ മാത്രം മയക്കുവെടി വയ്ക്കാം. തുടർന്ന് ഒട്ടേറെ നടപടിക്രമങ്ങൾക്കു ശേഷം മാത്രമാണ് വെടിവയ്ക്കാൻ അനുമതിയുള്ളത്.
“ബില്ല് കേന്ദ്രനിയമത്തെ മറികടക്കാനുള്ളതല്ല”
തൃശൂർ: സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വനനിയമ ഭേദഗതി ബില്ല് കേന്ദ്രനിയമത്തെ മറികടക്കാനുള്ളതല്ലെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. 1972ലെ നിയമത്തിലാണു സംസ്ഥാനം ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ചെമ്പൂക്കാവ് എഴുത്തച്ഛൻ സമാജം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങൾ ജനങ്ങളെ ഗുരുതര പരിക്കേൽപ്പിക്കുന്ന സാഹചര്യത്തിലാണു സർക്കാർ നടപടിയെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.