സിപിഎമ്മിൽ വ്യക്തികൾ ഒറ്റയ്ക്കുപോയി ഫണ്ട് പിരിക്കാറില്ലെന്ന് എ.സി. മൊയ്തീൻ
Sunday, September 14, 2025 2:01 AM IST
തൃശൂർ: സിപിഎമ്മിൽ വ്യക്തികൾ ഒറ്റയ്ക്കുപോയി ഫണ്ട് പിരിക്കാറില്ലെന്നും നേതാക്കൾ ഒരുമിച്ചാണ് പോകാറുള്ളതെന്നും ശബ്ദരേഖ വിവാദത്തിൽ എല്ലാ വിഷയങ്ങളും പാർട്ടി പരിശോധിക്കുമെന്നും മുൻ മന്ത്രി എ.സി. മൊയ്തീൻ. ഡിവൈഎഫ്ഐ നേതാവിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ എ.സി. മൊയ്തീന്റെ പേരും പരാമർശിച്ചിരുന്നു.
തെറ്റായ കാര്യങ്ങൾ പറഞ്ഞതിന് ശരത്തിൽനിന്ന് പാർട്ടി വിശദീകരണംതേടിയിട്ടുണ്ടെന്നും പാർട്ടി തീരുമാനമെടുക്കുമെന്നും മൊയ്തീൻ വ്യക്തമാക്കി. പാർട്ടിയാണ് തങ്ങളുടെയൊക്കെ ജീവിതം പരിശോധിക്കുന്നത്. ഈ വിഷയവും പാർട്ടി പരിശോധിക്കും. പൊതു പ്രവർത്തകൻ എന്ന നിലയിൽ എല്ലാ വിഭാഗം ആളുകളുമായും പരിചയമുണ്ട്. തനിക്കെതിരായ ആരോപണം തെളിവില്ലാത്തതാണ്. തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല. ഫോണ് സംഭാഷണത്തിൽ പറയുന്ന കാര്യങ്ങൾക്ക് വസ്തുതയുമായി ബന്ധമില്ല. ശബ്ദസന്ദേശത്തിൽ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങളല്ല മാധ്യമങ്ങൾ ചർച്ച ചെയ്തത്. മാധ്യമങ്ങൾ സ്വയം പരിശോധിച്ച് തിരുത്തണം.
പാർട്ടി ഫണ്ട് പിരിക്കുന്നത് കൂട്ടായിട്ടാണ്. ഘടകത്തിന്റെ വലിപ്പം നോക്കിയല്ല ഫണ്ട് പിരിക്കുന്നത്. ഇതു സംബന്ധിച്ച് ആദായ നികുതിക്ക് പാർട്ടി കൃത്യമായ കണക്ക് നൽകുന്നുണ്ട്.
ആരോപണങ്ങൾ ഏത് ഏജൻസിക്കും അന്വേഷിക്കാമെന്ന് മൊയ്തീൻ വ്യക്തമാക്കി. കമ്യൂണിസ്റ്റുകാരനെന്ന പരിധിവിട്ട് ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്ന് മന്ത്രി റിയാസ്
തൃശൂർ: തൃശൂരിൽ ഉയർന്നിട്ടുള്ള ഫോണ് സംഭാഷണ ശബ്ദരേഖ വിവാദത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാർട്ടിയുടെ അഭിപ്രായമെന്നും അതിൽ കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.