മലയാള സർവകലാശാല വിവാദം; വില നിശ്ചയിച്ച രേഖകൾ പുറത്തുവിട്ട് ജലീൽ
Monday, September 15, 2025 6:14 AM IST
മലപ്പുറം: മലയാള സർവകലാശാല വിവാദത്തിൽ യുഡിഎഫ് ഭരണകാലത്ത് ഭൂമിക്കു വില നിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ട് കെ.ടി. ജലീൽ എംഎൽഎ. 2016 ഫെബ്രുവരി 22ന് ജില്ലാ കളക്ടർ ഒപ്പിട്ട വിലനിർണയ സാക്ഷ്യപത്രമാണു ജലീൽ പുറത്തുവിട്ടത്. താൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്പോഴാണ് മലയാളം സർവകലാശാലയ്ക്കുള്ള ഭൂമിയുടെ വില നിശ്ചയിച്ചതെന്ന ജലീലിന്റെ ആരോപണം പച്ചക്കള്ളമാണെന്നു പി.കെ. അബ്ദുറബ് ഫേസ് ബുക്കിൽ കുറിച്ചിരുന്നു. ഇതിനു മറുപടിയായാണ് ജലീൽ രേഖ പുറത്തുവിട്ടത്.
‘റബ്ബേ റബ്ബേ രേഖയിതാ, ഭൂമി വാങ്ങിയ രേഖയിതാ, പച്ചക്കള്ളം പറയരുതേ, സാക്ഷാൽ റബ്ബ് പൊറുക്കൂലാ’ എന്ന കുറിപ്പോടെയാണു രേഖ ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ഏറ്റെടുക്കേണ്ട ഭൂമിക്കു യുഡിഎഫ് സർക്കാർ ഉയർന്ന വില നിശ്ചയിച്ചത് പറന്പ് കച്ചവടക്കാരുടെയും ലീഗ് നേതാക്കളുടെയും താത്പര്യത്തിന് വഴങ്ങിയാണോയെന്ന് സംശയിക്കണം. ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെങ്കിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ മന്ത്രിമാരായ പി.കെ. അബ്ദുറബിനോടും കുഞ്ഞാലിക്കുട്ടിയോടുമാണ് ചോദിക്കേണ്ടതെന്നും ജലീൽ തിരൂരിൽ മാധ്യങ്ങളോട് പറഞ്ഞു.
മലയാള സർവകലാശാല ഭൂമി എൽഡിഎഫ് വന്നപ്പോൾ 17 ഏക്കർ എന്നത് 11 ഏക്കറാക്കി ചുരുക്കി. കണ്ടൽ കാടുകളും ചതുപ്പ് പ്രദേശവും ഒഴിവാക്കി. ആതവനാട്ട് സ്ഥലം പറ്റില്ലെന്നും അവിടേക്ക് റോഡ് സൗകര്യം ഇല്ലെന്നും അന്ന് ജയകുമാർ ഐഎഎസ് ആണ് പറഞ്ഞതെന്നും കെ.ടി. ജലീൽ വ്യക്തമാക്കി. ആയിരത്തിയൊന്ന് വട്ടം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും റോ വന്നാലും മൊസാദ് വന്നാലും ഭയമില്ലെന്നും കെ.ടി. ജലീൽ പറഞ്ഞു.
സർവകലാശാല വിഷയത്തിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഇതുവരെ ഒരന്വേഷണവും ആവശ്യപ്പെട്ടിട്ടില്ല. കഠുവ -ഉന്നാവോ ഫണ്ട് സമാഹരണത്തിലൂടെയാണു പി.കെ. ഫിറോസ് പണം സന്പാദിച്ചത്. ഇതിന്റെ കണക്ക് ഇതുവരെ കമ്മിറ്റിയിൽ പോലും പറഞ്ഞിട്ടില്ല. ദോത്തി ചലഞ്ചിന്റെ ബില്ല് ഇതുവരെ കാണിച്ചിട്ടില്ല. 2,72,000 ദോത്തി വാങ്ങി അഞ്ചരക്കോടിയിലധികം രൂപ തട്ടി. ഇതിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അഞ്ചാറു കൊല്ലം മുന്പു നടന്ന കാര്യവുമായി വരുന്നത്- ജലീൽ പറഞ്ഞു.