ആയുഷ് മിഷന് ദേശീയ ശില്പശാല 18 മുതല്‍
Monday, September 15, 2025 6:14 AM IST
കൊച്ചി: സംസ്ഥാന ആയുഷ് വകുപ്പും ദേശീയ ആയുഷ് മിഷന് കേരളയും സംയുക്തമായി ആയുഷ് മേഖലയ്ക്കുവേണ്ടിയുള്ള ഐടി സൊലൂഷനുകള്‍ എന്ന വിഷയത്തില്‍ 18നും 19നും ദേശീയ ശില്പശാല നടത്തും. കുമരകത്തെ കെടിഡിസി വാട്ടര്‍സ്കേപ്സില്‍ 18ന് രാവിലെ 9.30ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
രാജ്യത്തുടനീളമുള്ള ആയുഷ് സേവനങ്ങള്‍ക്ക് ഏകീകൃത ഡിജിറ്റല്‍ ചട്ടക്കൂട് രൂപപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ശില്പശാലയില് വിവിധ സംസ്ഥാനങ്ങളില്‍നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
ആയുഷ് മേഖലയിലെ ഐടി അധിഷ്ഠിത ഡിജിറ്റല്‍ സേവനങ്ങളെ സംബന്ധിച്ചുള്ള വകുപ്പുതല ഉച്ചകോടിയില്‍ നോഡല്‍ സംസ്ഥാനമായി നേരത്തേതന്നെ കേരളത്തെ തെരഞ്ഞെടുത്തിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഐടി വിഭാഗം മേധാവികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് ഇ-ഗവേണന്‍സ് രംഗങ്ങളിലെ വിദഗ്ധര്‍ എന്നിവര്‍ ശില്പശാലയില് പങ്കെടുക്കും.