റഷ്യ-ബലാറൂസ് സൈനികാഭ്യാസം കാണാൻ അമേരിക്കൻ സൈനികോദ്യോഗസ്ഥർ
Monday, September 15, 2025 11:26 PM IST
മിൻസ്ക്: റഷ്യ-ബലാറൂസ് സൈനികാഭ്യാസം വീക്ഷിക്കാൻ അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരും. ബലാറൂസ് പ്രതിരോധമന്ത്രി വിക്തർ ഖ്രെനിൻ ആണ് ഇക്കാര്യം അറിയിച്ചത്.
പോളിഷ് വ്യോമസേന റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടതിനു പിന്നാലെ റഷ്യയും ബലാറൂസും സംയുക്തമായി ആരംഭിച്ച സൈനികാഭ്യാസം കാണാനാണ് അമേരിക്കൻ ഉദ്യോഗസ്ഥരെത്തിയത്. സൈനികാഭ്യാസം വീക്ഷിക്കാനായി 23 രാജ്യങ്ങളിൽനിന്നെത്തിയ പ്രതിനിധികൾക്കൊപ്പമായിരുന്നു അമേരിക്കൻ ഉദ്യോഗസ്ഥർ.
സൈനിക യൂണിഫോം ധരിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ ബലാറൂസ് പ്രതിരോധമന്ത്രിക്കു ഹസ്തദാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആവശ്യമുള്ളതെല്ലാം കണ്ടുകൊള്ളൂ, ആവശ്യമുള്ളവരോടെല്ലാം സംസാരിച്ചോളൂ എന്ന് അമേരിക്കൻ ഉദ്യോഗസ്ഥരോട് മന്ത്രി പറഞ്ഞു.
റഷ്യയോടു മാത്രമല്ല, ബലാറൂസിനൊടുമുള്ള അമേരിക്കൻ സമീപനം മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് സൈനിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തം. യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി ജോൺ കാോയൽ കഴിഞ്ഞയാഴ്ച ബലാറൂസിലെത്തി പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോയെ കണ്ടിരുന്നു.
ഇതിനു പിന്നാലെ ബലാറൂസിൽ തടവിലുള്ള 52 രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാൻ തീരുമാനമുണ്ടായി. ബലാറൂസ് സിവിലിയൻ വ്യോമയാന മേഖലയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കം ചെയ്യാൻ അമേരിക്ക തയാറായി. ബലാറൂസിൽ അമേരിക്കൻ എംബസി പുനരാരംഭിക്കാനും വാണിജ്യബന്ധത്തിലേർപ്പെടാനും ട്രംപിനു താത്പര്യമുണ്ട്.