കൈ പുകയുന്നു
Tuesday, September 16, 2025 2:23 AM IST
ദുബായ്: പാക്കിസ്ഥാന് എതിരായ രാഷ്ട്രീയത്തിനപ്പുറം ക്രിക്കറ്റ് വൈരത്തിനു പുതിയ മാനം നല്കി ടീം ഇന്ത്യ. 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഞായറാഴ്ച പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് എ പോരാട്ടത്തിനുശേഷം ഹസ്തദാനം നല്‍കാതെ ഇന്ത്യന്‍ ടീം മൈതാനംവിട്ടതാണ് വിവാദമായിരിക്കുന്നത്.
ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്ന കുറ്റപ്പെടുത്തലോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് (എസിസി) ഇന്നലെ ഔദ്യോഗികമായി പരാതി നല്കി.
പാക് താരങ്ങള്‍ക്കു കളത്തില്‍ കൈ കൊടുക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം, ബിസിസിഐയുടെയും കോച്ച് ഗൗതം ഗംഭീറിന്റെ ആശീര്‍വാദത്തോടെ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സംഘവും നടപ്പാക്കുകയായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ചരിത്രം മുറിച്ച തീരുമാനം
ക്രിക്കറ്റ് മത്സരങ്ങള്‍ക്കുശേഷം ടീമുകള്‍ പരസ്പരം ഹസ്തദാനം നല്കി പിരിയുന്നതാണ് ഇക്കാലമത്രയുമുള്ള ചരിത്രം. എന്നാല്‍, ഈ ചരിത്രം മുറിച്ചാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം പാക് താരങ്ങള്‍ക്കു കൈകൊടുക്കാതെ മൈതാനം വിട്ടത്.
മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയം ഇന്ത്യ നേടിയിരുന്നു. സൂഫിയാന് മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ശിവം ദുബെയായിരുന്നു മറുവശത്ത് ക്രീസിലുണ്ടായിരുന്നത്. ജയിച്ചതിനു പിന്നാലെ ഇരുവരും പാക് താരങ്ങളെ നോക്കുകപോലും ചെയ്യാതെ ഡ്രസിംഗ് റൂമിലേക്കു മടങ്ങി.
തുടങ്ങിയത് സല്മാന് ആഗ
ഏഷ്യ കപ്പിനു മുമ്പ് ടീം ക്യാപ്റ്റന്മാരെല്ലാം ഒന്നിച്ച് മാധ്യമങ്ങളെ കണ്ടപ്പോള്‍ സൂര്യകുമാര്‍ യാദവിനു ഹസ്തദാനം നല്കാന് പാക് ക്യാപ്റ്റന്‍ സല്മാന് ആഗ വിസമ്മതിച്ചിരുന്നു. മത്സരത്തിന്റെ ടോസ് നടക്കുന്ന സമയത്തും ഗ്രൗണ്ടില്‍ നാടകീയ സംഭവം അരങ്ങേറി.
ടോസിനു ശേഷം സൂര്യകുമാര്‍ യാദവും പാക് ക്യാപ്റ്റന്‍ സല്മാന് ആഗയും ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഇതിന്റെയെല്ലാം ക്ലൈമാക്സ് ആയിരുന്നു മത്സരത്തിനുശേഷം ഹസ്തദാനം നല്‍കാതെ സൂര്യകുമാറും ശിവം ദുബെയും മൈതാനം വിട്ടത്.
സൂര്യകുമാര്‍ പറഞ്ഞത്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളോടുമുള്ള ബഹുമാനവും പിന്തുണയും പ്രകടിപ്പിക്കാനുള്ള ഞങ്ങളുടെ മാര്‍ഗമായിരുന്നു അത്. കളിക്കാന്‍ വേണ്ടിമാത്രമാണ് ഞങ്ങള്‍ ഇവിടെ എത്തിയത്, അത് ചെയ്തു.
ഒപ്പം ശരിയായ മറുപടി നല്കി എന്നും സൂര്യകുമാര്‍ യാദവ് മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന്റെയും ബിസിസിഐയുടെയും തീരുമാനം നടപ്പാക്കുകയായിരുന്നു എന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഐസിസി നിയമം
ദുബായ്: ക്രിക്കറ്റിന്റെ സ്പിരിറ്റ് നിലനിര്‍ത്താനായി, ഫലം എന്താണെങ്കിലും മത്സരശേഷം ടീമുകള്‍ പരസ്പരം കൈകൊടുത്തു പിരിയണം എന്നതാണ് ഐസിസി നിയമാവലി. ആര്‍ട്ടിക്കിള്‍ 2.1.1ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അല്ലാത്ത പക്ഷം ലെവല്‍ വണ്‍ ഒഫെന്സായി പരിഗണിക്കപ്പെടുമെന്നുമുണ്ട്. പിസിബി (പാക് ക്രിക്കറ്റ് ബോര്‍ഡ്) പരാതി നല്കിയ പശ്ചാത്തലത്തില്‍ എസിസി (ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍) ടീം ഇന്ത്യക്കെതിരേ നടപടി സ്വീകരിക്കുമോ എന്നതും കണ്ടറിയണം.
ടെന്നീസില്‍ നടന്നു
ദുബായ്: കായിക കളത്തില്‍ രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായി ഹസ്തദാനം നല്‍കാതെ കളിക്കാര്‍ കളം വിടുന്നത് ഇതാദ്യമല്ല.
യുക്രെയ്നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തോടുള്ള പ്രതിഷേധ സൂചകമായി, റഷ്യയുടെയും റഷ്യക്കു പിന്തുണ നല്കുന്ന ബെലാറൂസിന്റെയും കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കില്ലെന്ന് യുക്രെയ്ന് വനിതാ താരം എലീന സ്വിറ്റോലിന തുറന്നു പറഞ്ഞിരുന്നു. ഈ തീരുമാനത്തെ ഡബ്ല്യുടിഎ (വനിതാ ടെന്നീസ് അസോസിയേഷന്) പിന്നീട് അംഗീകരിച്ചു.