ശ്രദ്ധേയമായി വത്തിക്കാനിലെ സംഗീതപരിപാടിയും ഡ്രോൺ ഷോയും
Tuesday, September 16, 2025 1:51 AM IST
വത്തിക്കാൻ സിറ്റി: മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള വത്തിക്കാനിൽ സംഘടിപ്പിച്ച ലോക സമ്മേളനവും ഇതിനു സമാപനം കുറിച്ചു നടന്ന ‘ഗ്രേസ് ഫോർ ദ് വേൾഡ്’ എന്ന സംഗീത പരിപാടിയും ഡ്രോൺ ഷോയും ശ്രദ്ധേയമായി.
രണ്ടു ദിവസത്തെ മനുഷ്യസാഹോദര്യ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൊബേൽ പുരസ്കാര ജേതാക്കൾ, അക്കാദമിക് വിദഗ്ധർ, സാംസ്കാരിക നേതാക്കൾ, സാങ്കേതിക-പരിസ്ഥിതി വിദഗ്ധർ എന്നിവരുൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്തു.
15 പാനലുകളിലായി നടന്ന സംവാദത്തിൽ സമാധാനം, ഗ്രഹത്തോടുള്ള കരുതൽ, സാങ്കേതികവിദ്യയുടെ ആഘാതം, മാനവികതയുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. സാർവത്രിക സാഹോദര്യത്തിനും സംസ്കാരങ്ങൾ തമ്മിലുള്ള സംവാദത്തിനും ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ പ്രത്യാശയ്ക്കുമുള്ള ആഹ്വാനം എന്നനിലയിലായിരുന്നു പരിപാടി നടത്തിയത്.
സമ്മേളനത്തിനു സമാപനം കുറിച്ചു ശനിയാഴ്ച രാത്രിയിൽ നടന്ന ‘ഗ്രേസ് ഫോർ ദ് വേൾഡ്’ എന്ന സംഗീത പരിപാടിയിൽ ലോകപ്രശസ്ത ഗായകൻ ആൻഡ്രിയ ബോചെല്ലിയും അമേരിക്കൻ ഗായിക ടെഡി സ്വിംസും ഗാനങ്ങൾ ആലപിച്ചു.
കൊളംബിയന്‍ സൂപ്പര്‍സ്റ്റാര്‍ കരോള്‍ ജി, ആര് & ബി ഇതിഹാസം ജോണ്‍ ലെജന്‍ഡ്, ഹിപ്-ഹോപ്പ് ടീമായ ക്ലിപ്സെ, പ്രശസ്ത ആഫ്രിക്കന്‍ വോക്കലിസ്റ്റ് ആഞ്ചലിക് കിഡ്ജോ തുടങ്ങി നിരവധി പ്രമുഖര്‍ സംഗീതപരിപാടിയിൽ പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമായാണു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംഗീതവിരുന്ന് നടക്കുന്നത്.
ഇതിനുശേഷമായിരുന്നു മൂവായിരത്തിലധികം ഡ്രോണുകൾ ബസിലിക്കയ്ക്കു മുകളിലായി അണിനിരന്ന് ആകാശത്ത് വർണക്കാഴ്ചയൊരുക്കിയത്. മൈക്കലാഞ്ചലോയുടെ സുപ്രസിദ്ധമായ ‘ആദാമിന്റെ സൃഷ്ടി’യിലെ കൈകൾ, സമാധാനത്തിന്റെ പ്രതീകമായ പ്രാവ്, ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സ്ഥാപിച്ചിരിക്കുന്ന മൈക്കലാഞ്ചലോയുടെ പ്രശസ്തമായ മാർബിൾ ശില്പമായ പിയാത്താ രൂപം, ഫ്രാൻസിസ് മാർപാപ്പ ഏറെ വിലമതിച്ചിരുന്ന അദ്ദേഹത്തെ അടക്കം ചെയ്ത സെന്റ് മേരി മേജർ ബസിലിക്കയിലെ സാലുസ് പോപ്പുലി റൊമാനി രൂപം എന്നിവ മിന്നിത്തെളിഞ്ഞു.
ഓരോ ഡ്രോണ്‍ വിന്യാസവും പൂര്‍ത്തിയാകുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണു ജനക്കൂട്ടം ദൃശ്യവിസ്മയത്തെ വരവേറ്റത്. ഇതാദ്യമായാണു വത്തിക്കാനിൽ ഡ്രോൺ ഷോ നടക്കുന്നത്.