വമ്പന്സ്...
Friday, September 19, 2025 2:04 AM IST
പാരീസ്/മ്യൂണിക്/ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണ് ഫുട്ബോളിന്റെ ആദ്യ റൗണ്ട് പോരാട്ടത്തില്‍, നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) മിന്നും ജയം സ്വന്തമാക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്മിലാന്, മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്, ലിവര്‍പൂള്‍ ടീമുകളും ജയം നേടി.
പിഎസ്ജി 4-0 അത്ലാന്ത
ഇറ്റാലിയന്‍ ക്ലബ്ബായ അത്ലാന്തയെ തരിപ്പണമാക്കിയാണ് പിഎസ്ജി കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ചത്. മാര്‍ക്വിഞ്ഞോസ് (3’), ഖ്വിച ക്വാറ്റസ്ഖേലിയ (39’), നൂനൊ മെന്‍ഡസ് (51’), ഗോണ്‍സാലൊ റാമോസ് (90+1’) എന്നിവരായിരുന്നു പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ലിവര്‍പൂള്‍ 3-2 അത്ലറ്റിക്കോ
ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ ഹോം മത്സരത്തില്‍ സ്പെയിനില്‍നിന്നുള്ള അത്ലറ്റിക്കോ മാഡ്രിഡിന് എതിരേ സ്റ്റോപ്പേജ് ടൈം ഗോളില്‍ ജയം സ്വന്തമാക്കി. അഞ്ച് ഗോള്‍ പിറന്ന ത്രില്ലറില്‍ 3-2നായിരുന്നു ലിവര്‍പൂളിന്റെ ജയം. ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ (4’), മുഹമ്മദ് സല (6’) എന്നിവര്‍ ആദ്യ 10 മിനിറ്റിനുള്ളില്‍ ലിവര്‍പൂളിന് 2-0ന്റെ ലീഡ് നല്കി. എന്നാല്‍, മാര്‍ക്കോസ് ലോറെന്റിന്റെ (45+3’, 81’) ഇരട്ട ഗോളില്‍ അത് ലറ്റിക്കോ ഒപ്പമെത്തി. വിന്ജില് വാന്‍ഡിക്കിന്റെ (90+2’) ഹെഡര്‍ ഗോളിലായിരുന്നു പിന്നീട് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്.
ബയേണ്‍ 3-1 ചെല്‍സി
ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ ഹോം മത്സരത്തില്‍ തകര്‍ത്ത് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്. ഹാരി കെയ്ന്‍ (27’ പെനാല്‍റ്റി, 63’) ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ 3-1ന് ആയിരുന്നു ബയേണിന്റെ ജയം. ട്രെവോ ചലൗബയുടെ (20’) സെല്‍ഫ് ഗോളിലായിരുന്നു ബയേണ്‍ ലീഡ് നേടിയത്. കോള്‍ പാമര്‍ (29’) ചെല്‍സിക്കായി വല കുലുക്കി.
ഇന്റര്മിലാന് 2-0 അയാക്സ്
ഇറ്റാലിയന്‍ ക്ലബ് ഇന്റര്മിലാന് എവേ പോരാട്ടത്തില്‍ 2-0ന് നെതര്‍ലന്‍ഡ്സില്‍നിന്നുള്ള അയാക്സ് ആംസ്റ്റര്‍ഡാമിനെ തോല്‍പ്പിച്ചു. മാര്‍കസ് തുറാമിന്റെ (42’, 47’) ഇരട്ട ഗോളിലായിരുന്നു ഇന്ററിന്റെ ജയം.