"വോട്ടിൽ ഹൈടെക് വെട്ടൽ'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വീണ്ടും രാഹുൽ
Friday, September 19, 2025 1:45 AM IST
സനു സിറിയക്
ന്യൂഡൽഹി: രാജ്യത്തു ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ അവർപോലുമറിയാതെ വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റുന്നതായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
"വോട്ട് ചോരി’യുമായി ബന്ധപ്പെട്ട രണ്ടാമത്തെ വാർത്താസമ്മേളനത്തിലാണ് രാഹുൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നത്.
ആദ്യ വാർത്താസമ്മേളനത്തിൽ വോട്ടർപട്ടികയിൽ അനധികൃതമായി പേര് ചേർക്കുന്ന ക്രമക്കേടാണ് ഉന്നയിച്ചതെങ്കിൽ ഇത്തവണ തെരഞ്ഞടുപ്പ് കമ്മീഷന്റെ മൗനസമ്മതത്തോടെ ആരോ "ഹൈടെക്കായി’ വോട്ട് വെട്ടിമാറ്റുന്നുവെന്ന ഗുരുതര ആരോപണമാണ് രാഹുൽ ഉന്നയിച്ചത്.
വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യപ്പെടുന്നവരോ നീക്കം ചെയ്യാൻ അപേക്ഷ നൽകുന്നവരോ അറിയാതെ പുറത്തുനിന്നുള്ള മറ്റു ചിലർ കേന്ദ്രീകൃതമായ ഒരു ഓണ്‍ലൈൻ സംവിധാനത്തിലൂടെ വോട്ടുകൾ നീക്കംചെയ്യുന്നതായാണു രാഹുലിന്റെ കണ്ടെത്തൽ. കർണാടക, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും എന്നാൽ, കർണാടകയിൽ നടന്ന ക്രമക്കേടിന്റെ തെളിവുകൾ തങ്ങൾക്കു ലഭിച്ചതായും രാഹുൽ വ്യക്തമാക്കി.
വോട്ടുകൊള്ളയിൽ തെളിവുകൾ വാഗ്ദാനം ചെയ്ത രാഹുലിന്റെ "ഹൈഡ്രജൻ ബോംബ് ’ വെളിപ്പെടുത്തൽ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും അതിനുള്ള അടിത്തറ താൻ പാകുകയാണെന്നും വലിയ കണ്ടെത്തലുകൾ ഉടൻ പുറത്തുവിടുമെന്നും രാഹുൽ പറഞ്ഞു. ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനചടങ്ങിലാണ് വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്ന് രാഹുൽ പറഞ്ഞത്.
കോൺഗ്രസിന്റെ വോട്ട് ഇല്ലാതാക്കി
സങ്കീർണമായ ഒരു കേന്ദ്രീകൃത സംവിധാനം ഉപയോഗിച്ച് കോണ്‍ഗ്രസ് വോട്ടർമാരെ ലക്ഷ്യമിട്ടാണ് "വോട്ട് വെട്ടൽ’ക്രമക്കേട് നടക്കുന്നതെന്നാണ് രാഹുലിന്റെ വാദം. വോട്ടർമാരെ നീക്കംചെയ്യുന്നതിനുള്ള അപേക്ഷകൾ അപേക്ഷകൻ പോലുമറിയാതെ ഒരു സോഫ്റ്റ്വേർ ഉപയോഗിച്ച് ചെയ്യുന്നു. തുടർന്നു പേര് നീക്കം ചെയ്യപ്പെടുന്നു. അലന്ദ് മണ്ഡലത്തിലെ ഗോദാഭായി എന്ന 63 കാരിയുടെ പേരിൽ അതേ മണ്ഡലത്തിലെ 12 പേരെ വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യാനുള്ള അപേക്ഷ നൽകി. ഇതിനായി കർണാടകയ്ക്ക് പുറത്തുനിന്നുൾപ്പെടെയുള്ള 12 മൊബൈൽ നന്പറുകൾ ഉപയോഗിച്ചു.
എന്നാൽ, താൻ ഇത്തരമൊരു അപേക്ഷ നൽകിയില്ലെന്ന് ഗോദാഭായ് തന്നെ പറയുന്ന വീഡിയോ ദൃശ്യം രാഹുൽ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇത് എങ്ങനെ സംഭവിച്ചുവെന്ന വിവരം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണം. ഇത്തരത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നീക്കം ചെയ്യപ്പെട്ട മണ്ഡലത്തിന്റെ കണക്കെടുത്താൽ ആദ്യ പത്തിൽ വരുന്നത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
തെളിവുകൾ നിരത്തി പത്രസമ്മേളനം
പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ട 28കാരിയായ ബബിത ചൗധരി എന്ന യുവതിയെയും നീക്കം ചെയ്യാൻ അപേക്ഷ നൽകിയ സൂര്യകാന്ത് എന്ന 73 കാരനെയും വാർത്താസമ്മേളനത്തിൽ രാഹുൽ ഹാജരാക്കി.
താൻ ഇത്തരമൊരു അപേക്ഷ നൽകിയിട്ടില്ലെന്നും തന്റെ വിവരങ്ങൾ ഉപയോഗിച്ച് മറ്റാരോ ആണ് അതു ചെയ്തതെന്നും തനിക്ക് ഇത്തരമൊരു കാര്യം അറിയില്ലെന്നും സൂര്യകാന്ത് പറഞ്ഞു.14 മിനിറ്റിനുള്ളിൽ 12 വോട്ടർമാരുടെ പേരുകളാണ് സൂര്യകാന്തിന്റെ പേരിൽ വെട്ടിമാറ്റിയത്.
മറ്റൊരു കേസിൽ പുലർച്ചെ 04.07 ന് നാഗരാജ് എന്ന വ്യക്തി സിദ്ധണ്ണ എന്നയാളുടെ പേര് വോട്ടർപട്ടികയിൽനിന്നു നീക്കംചെയ്യാൻ അപേക്ഷ നൽകി. പിന്നീട് 36 സെക്കൻഡുകൾക്കുശേഷം അതേ നാഗരാജ് ധരംറോയ് എന്നയാളുടെ പേര് നീക്കംചെയ്യാനുള്ള അപേക്ഷ നൽകിയതായും രാഹുൽ പറഞ്ഞു. 26 സെക്കൻഡിനുള്ളിൽ മാനുഷികമായി ഇത് അസാധ്യമാണെന്നും ഇത്രയും പുലർച്ചെ ആരാണിത് ചെയ്യുന്നതെന്നും രാഹുൽ ചോദിച്ചു.
രാഹുലിന്റെ ആരോപണം
കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ 2023 ലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർപോലും അറിയാതെ 6018 വോട്ടുകൾ നീക്കം ചെയ്യാനുള്ള ശ്രമം നടന്നു. തന്റെ ബന്ധുവിന്റെ വോട്ട് നീക്കം ചെയ്തതായി ബൂത്ത് ലെവൽ ഓഫീസറുടെ (ബിഎൽഒ) ശ്രദ്ധയിൽപ്പെട്ടു. വോട്ട് നീക്കം ചെയ്തതിനുള്ള അപേക്ഷ ഓണ്‍ലൈനായി ആരാണു സമർപ്പിച്ചതെന്ന് ബിഎൽഒ പരിശോധിച്ചു.
സ്വന്തം അയൽക്കാരന്റെ പേരിലാണ് ബന്ധുവിന്റെ വോട്ട് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് അയൽക്കാരനോട് ഇക്കാര്യം ചോദിച്ചപ്പോൾ അങ്ങനെയൊരു കാര്യം താൻ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതായത് അപേക്ഷ നൽകിയ ആൾപോലും അറിയാതെ മറ്റാരോ വേറെ ഒരാളുടെ വോട്ട് വെട്ടി മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷ നൽകി.
ഇത്തരത്തിൽ സാധാരണക്കാരുടെയും ആദിവാസികളുടെയും ദളിതരുടെയുമടക്കം ലക്ഷക്കണക്കിന് ആളുകളുടെ വോട്ട് അവരറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെ മൂന്നാമതാരോ വെട്ടിമാറ്റുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.