ക്ഷേത്രത്തിൽ വിഷ്ണുവിഗ്രഹം സ്ഥാപിക്കണമെന്നു ഹർജി; ഭഗവാനോടു പ്രാർഥിക്കാൻ സുപ്രീംകോടതി
Thursday, September 18, 2025 1:18 AM IST
ന്യൂഡൽഹി: ക്ഷേത്രത്തിൽ ഏഴടി ഉയരമുള്ള വിഷ്ണുവിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ പോയി ദൈവത്തോടു പ്രാർഥിക്കാൻ നിർദേശിച്ചു സുപ്രീംകോടതി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായ ജാവറി ക്ഷേത്രത്തിൽ വിഗ്രഹം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു രാകേഷ് ദലാൽ എന്നയാളുടെ ഹർജിയാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് മുന്പാകെയെത്തിയത്.
എന്നാൽ പൂർണമായും പബ്ലിസിറ്റി ലക്ഷ്യമിട്ടുള്ള ഹർജിയാണെന്നും അതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നും വിഷയം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണെന്നും ബെഞ്ച് വ്യക്തമാക്കി. വിഷ്ണുവിന്റെ ഉറച്ച ഭക്തനാണെങ്കിൽ പ്രാർഥിച്ച് ഒരു പരിഹാരമുണ്ടാക്കാനും ഹർജിക്കാരനായ രാകേഷ് ദലാലിനോട് കോടതി പറഞ്ഞു.
ഛത്തർപുർ ജില്ലയിലെ ജാവറി ക്ഷേത്രത്തിൽ കേടുപാടുകൾ സംഭവിച്ച വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിനും പ്രതിഷ്ഠ നടത്തുന്നതിനും നിർദേശം നൽകണമെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം.
മുഗൾ രാജാക്കന്മാരുടെ കാലത്താണു വിഗ്രഹം തകർക്കപ്പെട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. അതേസമയം കോടതിയുടെ പരാമർശത്തിൽ വിമർശനം ഉയരുന്നുണ്ട്. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാൽ ചീഫ് ജസ്റ്റീസിന് കത്തെഴുതി.