ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണം
സ്വന്തം ലേഖകൻ
Monday, September 15, 2025 5:41 AM IST
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണമുണ്ടായെന്നു പരാതി. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർഥനായോഗം നടന്നുകൊണ്ടിരിക്കേ ഒരുസംഘം ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനു ചുറ്റും മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചെന്നും സുവിശേഷ പ്രസംഗകരെ ആയുധങ്ങളടക്കം ഉപയോഗിച്ചു മർദിച്ചുവെന്നുമാണ് ആരോപണം. വിശ്വാസികളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
ഛത്തീസ്ഗഡിലെ ദുർഗിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു രണ്ട് മലയാളി കന്യാസ്ത്രീകളെ കൈയേറ്റം ചെയ്തതിലൂടെ കുപ്രസിദ്ധയായ തീവ്ര ഹിന്ദുസംഘടനാ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെയും ആക്രമണമെന്ന് നാട്ടുകാർ ആരോപിച്ചു. പ്രെയർ ടവറിൽ തങ്ങൾ സമാധാനപരമായി പ്രാർഥിച്ചുകൊണ്ടിരിക്കേ ബജ്രംഗ്ദൾ പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സുവിശേഷപ്രസംഗകർ പറയുന്നു.
എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണു തങ്ങൾ സ്ഥലത്തെത്തിയതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ അവകാശപ്പെട്ടു. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടോയെന്നു സ്ഥലത്തെത്തി പരിശോധിക്കാൻ ശ്രമിക്കുന്പോൾ തങ്ങളെ തടഞ്ഞുവെന്നും പ്രാർഥിച്ചുകൊണ്ടിരുന്ന ക്രൈസ്തവർ തങ്ങളെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചു.
സംഭവത്തിൽ ഇരുവിഭാഗങ്ങളുടെയും പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. മതപരിവർത്തനം നടന്നുവെന്ന ആരോപണത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടും ബജ്രംഗ്ദൾ പ്രവർത്തകർ പ്രെയർ ടവറിനുപുറത്ത് സുവിശേഷ പ്രസംഗകരെ ബലമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.