രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി
Sunday, September 14, 2025 2:05 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി തുടരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിക്കു നേരേയാണു ഭീഷണിസന്ദേശം ലഭിച്ചതെങ്കിൽ ഇന്നലെ സന്ദേശമെത്തിയത് പഞ്ചനക്ഷത്ര ഹോട്ടലായ താജ് പാലസിനു നേരേയാണ്.
ബോംബ് സ്ക്വാഡ് അടക്കം നടത്തിയ പരിശോധനയ്ക്കുശേഷം സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. എന്നാൽ ജീവനക്കാരുടെയും താമസക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ജാഗ്രത തുടരുന്നതായി ഹോട്ടൽ അധികൃതർ വ്യക്തമാക്കി.
ഒന്നിലധികം നിലകളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു പുലർച്ചെ രണ്ടിന് ഹോട്ടലിന്റെ ഇ-മെയിൽ അഡ്രസിൽ എത്തിയ സന്ദേശത്തിൽ പറഞ്ഞത്. വിവരം ഹോട്ടൽ അധികൃതർ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് അടക്കമുള്ള സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. സന്ദേശം എവിടെനിന്നാണ് എത്തിയതെന്നു വ്യക്തമല്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാർ ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കു നേരേ ഭീഷണിസന്ദേശമെത്തിയിരുന്നു. എന്നാൽ കൃത്യമായ പരിശോധനയ്ക്കുശേഷം ഇതെല്ലാം വ്യാജമാണെന്നാണു പോലീസ് കണ്ടെത്തൽ.