മിസോറം റെയിൽവേ ഭൂപടത്തിൽ: അശ്വിനി വൈഷ്ണവ്
Friday, September 12, 2025 3:48 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈറാബി-സൈരാങ് റെയിൽപാത ഉദ്ഘാടനം ചെയ്യുന്നതോടെ മിസോറം റെയിൽവേ ഭൂപടത്തിൽ ഇടംപിടിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മിസോറമിനെ സംബന്ധിച്ച് ചരിത്രപരമായ ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു. 8000 കോടിയിലധികം രൂപ ചെലവഴിച്ചാണ് 51 കിലോമീറ്റർ പാത നിർമിച്ചത്.
ഇതോടൊപ്പം മൂന്ന് പുതിയ ട്രെയിൻ സർവീസുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. അതീവ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. 143 പാലങ്ങളും 45 തുരങ്കങ്ങളുമുണ്ട്. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ളതാണ് ഒരു പാലം. ഹിമാലയൻ ഭൂപ്രകൃതിയിലെ പ്രായോഗികത കണക്കിലെടുത്ത്, ഒരു പാലം, തുടർന്ന് ഒരു തുരങ്കം, തുടർന്ന് ഒരു പാലം എന്നിങ്ങനെയാണ് പാത.
മിസോറമിൽനിന്ന് രാജധാനി എക്സ്പ്രസ് ആരംഭിക്കുന്നതോടെ, ഐസ്വാളിനും ഡൽഹിക്കും മധ്യേയുള്ള യാത്രാസമയം എട്ടു മണിക്കൂർ കുറയും. പുതിയ എക്സ്പ്രസ് ട്രെയിനുകൾ ഐസ്വാൾ, കോൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള യാത്ര വേഗത്തിൽ പൂർത്തിയാക്കാനും സുഗമമാക്കാനും സഹായിക്കും.
രാജ്യമെമ്പാടുമുള്ള റെയിൽവേ വികസനം റിക്കാർഡ് പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്തിടെ നൂറിലധികം അമൃത് ഭാരത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു.
1200 സ്റ്റേഷനുകൾ കൂടി വികസനപാതയിലാണ്. 150ലധികം അതിവേഗ വന്ദേഭാരത് ട്രെയിനുകൾ യാഥാർഥ്യമായി. 2014ന് ശേഷം, 35,000 കിലോമീറ്റർ റയിൽപാത പുതുതായി നിർമിച്ചുവെന്നും മന്ത്രി പറഞ്ഞു.