യുവതിയെ ആക്രമിച്ച കേസ് ; പഞ്ചാബ് എഎപി എംഎൽഎയും ഏഴു പേരും കുറ്റക്കാർ
Thursday, September 11, 2025 2:22 AM IST
ചണ്ഡിഗഡ്: പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ ആക്രമിച്ചെന്ന കേസിൽ ഖദൂർ സാഹിബിലെ ആം ആദ്മി എംഎൽഎ മഞ്ജീന്ദർ സിംഗ് ലാൽപുരയും പ്രതിപ്പട്ടികയിലുള്ള മറ്റ് ഏഴുപേരും കുറ്റക്കാരെന്നു താൺ തരൺ കോടതി.
പ്രതികളുടെ ശിക്ഷ വിധിക്കുന്നത് അഡീഷണൽ സെഷൻസ് കോടതി 12ലേക്കു മാറ്റി. 2013 മാർച്ച് മൂന്നിന് താൺ തരണിലേക്ക് ഇരയായ യുവതിയും കുടുംബാംഗങ്ങളും വിവാഹാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വേളയിലായിരുന്നു അതിക്രമം.
ലാൽപുര അന്ന് ടാക്സി ഡ്രൈവറായിരുന്നുവെന്ന് പരാതിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. സുപ്രീംകോടതി സ്വമേധയാ കേസെടുത്ത സംഭവത്തിൽ ഇരയുടെ കുടുംബത്തിനും അഭിഭാഷകൻ ജഗ്ജീത് സിംഗിനും പാരാമിലിട്ടറി സുരക്ഷ അനുവദിച്ചിരുന്നു.