ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
Tuesday, September 9, 2025 1:24 AM IST
ന്യൂഡൽഹി: ഇന്നു നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഭരണ-പ്രതിപക്ഷ മുന്നണികൾ. ഇന്നു രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെ പാർലമെന്റ് മന്ദിരത്തിലാണ് വോട്ടെടുപ്പ്. വൈക ുന്നേരം ആറിന് വോട്ടെണ്ണൽ ആരംഭിക്കും.
എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണന് ഇന്ത്യ മുന്നണി സ്ഥാനാർഥി ജസ്റ്റീസ് ബി.സുദർശൻ റെഡ്ഢിയേക്കാൾ മുൻതൂക്കമുണ്ടെങ്കിലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വലിയ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
2022ൽ ജഗ്ദീപ് ധൻകർ മറ്റു പാർട്ടികളുടെ പിന്തുണയോടെ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വൈഎസ്ആർ കോണ്‍ഗ്രസിന്റെയും നവീൻ പട്നായിക്കിന്റെ ബിജു ജനതാദളിന്റെയും (ബിജെഡി) വോട്ടുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിജെഡിയും ബിആർഎസും ഇത്തവണ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ബിജെഡിക്ക് ഏഴും ബിആർഎസിന് നാലും എംപിമാർ പാർലമെന്റിലുണ്ട്.
അതേസമയം, വോട്ടെടുപ്പിൽ കൂടുതൽ അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് പ്രതിപക്ഷ പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബിജെപിക്കുള്ളിലെ ചില എംപിമാർക്ക് അതൃപ്തി ഉണ്ടെന്നും ആ വോട്ട് ഇന്ത്യ മുന്നണിക്കു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 239 രാജ്യസഭാംഗങ്ങളും 542 ലോക്സഭാംഗങ്ങളും ഉൾപ്പെടെ 781 പേരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജിലെ അംഗങ്ങൾ.
ബിജെഡിയുടെയും ബിആർഎസിന്റെയും 11 എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതോടെ 770 എംപിമാരായിരിക്കും വോട്ട് ചെയ്യുക. അതിൽ 386 വോട്ട് നേടുന്ന സ്ഥാനാർഥി വിജയിക്കും. 425 എംപിമാരുള്ള എൻഡിഎയുടെ വിജയം ഏകദേശം ഉറപ്പിച്ചതാണ്. ഇരുസഭകളിലുമായി 11 എംപിമാരുള്ള വൈഎസ്ആർ കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചാൽ 436 വോട്ട് സി.പി.രാധാകൃഷ്ണന് ലഭിക്കും.