ബിഹാർ വോട്ടർപട്ടിക ; ആധാർ നന്പർ ഉൾപ്പെടുത്താം
Tuesday, September 9, 2025 1:24 AM IST
സനു സിറിയക്
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ നടത്തുന്ന പ്രത്യേക സമഗ്ര പരിഷ്കരണത്തിൽ (സ്പെഷൽ ഇന്റെൻസീവ് റിവിഷൻ - എസ്ഐആർ) യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾക്കൊപ്പം ആധാർ നന്പരും ഉപയോഗിക്കാമെന്ന നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ പാലിക്കാത്തതിനെ തുടർന്ന്, ഒടുവിൽ അത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി.
ആധാർ നന്പർ ഉപയോഗിക്കാമെന്ന നിർദേശം മൂന്നു തവണ സുപ്രീംകോടതി നൽകിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അതു പാലിക്കുന്നില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് പന്ത്രണ്ടാമത്തെ രേഖയായി ആധാർ നന്പർ ഉപയോഗിക്കാമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചു.
യോഗ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച 11 രേഖയ്ക്കു പുറമെയാണ് ആധാറും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതു സംബന്ധിച്ച നിർദേശം ഉദ്യോഗസ്ഥർക്കു കൈമാറാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. യോഗ്യത തെളിയിക്കുന്നതിനുള്ള പന്ത്രണ്ടാമത്തെ രേഖയായി ആധാർ സ്വീകരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ് കോടതി രേഖപ്പെടുത്തി.
അതേസമയം, പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖയല്ല ആധാർ എന്നു വ്യക്തമാക്കിയ കോടതി, വോട്ടർമാർ ഹാജരാക്കുന്ന ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23 (4) പ്രകാരം ഏതൊരു വ്യക്തിയുടെയും ഐഡന്റിറ്റി സ്ഥാപിക്കുന്നതിനുള്ള ഒരു രേഖയായി ആധാർ പരിഗണിക്കാമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ആധാർ കാർഡ് പരിഗണിക്കണമെന്ന് സുപ്രീംകോടതി മൂന്നു തവണ ഉത്തരവിട്ടിട്ടും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ബൂത്ത് ലെവൽ ഓഫീസർമാരും അത് സ്വീകരിക്കുന്നില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ ആവർത്തിച്ചു.
ആധാർ സ്വീകരിച്ചതിന് ബൂത്ത് ലെവൽ ഏജന്റിനു കാരണം കാണിക്കൽ നോട്ടീസ് നൽകിയ കമ്മീഷന്റെ നടപടിയും അദ്ദേഹം ഉയർത്തിക്കാട്ടി. ആധാർ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് യാതൊരു നിർദേശവും നൽകിയിട്ടില്ല. ആധാർ സ്വീകരിക്കാത്ത നിരവധി വോട്ടർമാരുടെ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും സിബൽ വ്യക്തമാക്കി.
പൗരത്വത്തിന് തെളിവായി ആധാർ അംഗീകരിക്കാൻ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച രേഖകൾക്കൊപ്പം പാസ്പോർട്ടും ജനന സർട്ടിഫിക്കറ്റും ഒഴികെ മറ്റൊന്നും പൗരത്വ രേഖകളായി പരിഗണിക്കാൻ കഴിയില്ലെന്ന് ബെഞ്ചിലെ അംഗമായ ജോയ്മാല്യ ബാഗ്ജിയും ചൂണ്ടിക്കാട്ടി.
കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻതന്നെ കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വോട്ടർപട്ടിക അന്തിമമാക്കിയതിന് ശേഷമായിരിക്കും ഇവ പരിഗണിക്കുകയെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.