ചെങ്കോട്ടയിൽനിന്ന് ഒരു കോടി രൂപയുടെ പാത്രം മോഷണം പോയി!
Sunday, September 7, 2025 1:35 AM IST
ന്യൂഡൽഹി: ഡൽഹി റെഡ് ഫോർട്ട് സമുച്ചയത്തിൽ മോഷണം. സ്വർണവും രത്നവും പതിച്ച, ഒരു കോടിയോളം രൂപ വില വരുന്ന പാത്രം മോഷണം പോയതായാണ് റിപ്പോർട്ട്.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ഡൽഹി പോലീസ് അറിയിച്ചു. മോഷണംപോയ പാത്രത്തിൽ 760 ഗ്രാം സ്വർണവും ഏകദേശം 150 ഗ്രാം തൂക്കം വരുന്ന വജ്രങ്ങൾ, മാണിക്യങ്ങൾ, മരതകങ്ങൾ എന്നിവയും പതിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ചില ജൈനമതാചാരങ്ങൾ നടക്കുന്നതിനിടയിലാണ് പാത്രം മോഷണം പോയത്. മതപരമായ ചടങ്ങിനിടയിൽ ചെറുതും വലുതുമായ പാത്രങ്ങൾ വഹിച്ച് കൊണ്ടുവരുന്നതിന് ഇടയിലാണ് വിലപിടിപ്പുള്ള പാത്രം മോഷണം പോയതായി ശ്രദ്ധയിൽപ്പെടുന്നത്.
ചെങ്കോട്ടയിലെ സുരക്ഷാവീഴ്ചയാണ് ഇത്രയും വലിയ മോഷണത്തിനു കാരണമായതെന്നാണു കണ്ടെത്തൽ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടന്ന പരിശോധനയിൽ ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അതിനൊപ്പം മോക്ക് ഡ്രിൽ നടക്കുന്ന സമയത്ത് അഞ്ച് ബംഗ്ലാദേശ് പൗരർ അതിക്രമിച്ചു കയറാൻ ശ്രമിച്ചതും വിവാദമായിരുന്നു.
റെഡ്ഫോർട്ടിലെ സുരക്ഷാവീഴ്ചയിൽ കാര്യമായ ആശങ്ക ഉണ്ടാക്കുന്നതാണ് പുതിയ സംഭവം.